ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതിനിടെ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. നർസിംഗ്ഡി പട്ടണത്തിലെ ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലുള്ള ഗാരേജിൽ ഉറങ്ങിക്കിടന്ന ചഞ്ചൽ ചന്ദ്ര ഭൗമിക് (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുമില്ല സ്വദേശിയായ ഇദ്ദേഹം ഗാരേജിലെ ജീവനക്കാരനായിരുന്നു.
സംഭവം ഇങ്ങനെ:
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഗാരേജിനുള്ളിൽ ഉറങ്ങാൻ പോയതായിരുന്നു ചഞ്ചൽ ചന്ദ്ര. ഈ സമയം അജ്ഞാതരായ അക്രമികൾ ഗാരേജിന് തീയിടുകയായിരുന്നു. തീ പടർന്നതോടെ അകത്തുനിന്ന് പുറത്തിറങ്ങാൻ കഴിയാതെ യുവാവ് ദാരുണമായി പൊള്ളലേറ്റ് മരിച്ചു.
നാട്ടുകാരും ദൃക്‌സാക്ഷികളും ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ചു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശൈഖ് ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദു സമുദായത്തിന് നേരെ വ്യാപകമായ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ കൊലപാതകത്തിൽ രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.



