തിരുവനന്തപുരം/കൊല്ലം: ഗുണ്ടാത്തലവൻ അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി (Aluva Athul murder). പ്രതികളെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നും ഡിജിപി 24 ന്യൂസിനോട് പറഞ്ഞു.
ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന അതുലിനെ തടഞ്ഞുനിർത്തി അതീവ ക്രൂരമായാണ് അക്രമിസംഘം വെട്ടിവീഴ്ത്തിയത്. തലയോട്ടി വെട്ടിപ്പിളർന്ന നിലയിലായിരുന്നു.ശരീരത്തിൽ ആഴത്തിലുള്ള ഏഴ് വെട്ടുകൾ ഏറ്റിട്ടുണ്ട്. ഇടതുകാലിൽ നാലും വലതുകാലിൽ ഒന്നും വെട്ടുകളേറ്റു. വലതുകൈയ്ക്കും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. നിലവിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
‘ബ്ലാക്ക് വിഷ്ണു’ നേതൃത്വം നൽകുന്ന കടത്തൂർ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. സംഭവസമയം അതുലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനുവിനെ (കുക്കു) അക്രമിസംഘം മർദ്ദിച്ച് ഓടിക്കുകയായിരുന്നു. മനുവിന് കാര്യമായ പരിക്കുകളില്ല.
അലുവ അതുലിന് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഒരാഴ്ച മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നത് പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ജാമ്യത്തിലിറങ്ങിയാൽ കടത്തൂർ ടീം അതുലിനെ വകവരുത്താൻ ശ്രമിക്കുമെന്നും ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ മുന്നറിയിപ്പ് നിലനിൽക്കെ സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുന്നതിനിടെ കൊലപാതകം നടന്നത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
Story Summary: DGP Ravada Chandrasekhar announced a special team to investigate the murder of gangster Aluva Athul in Karunagappally. Athul, an accused in the Jim Santhosh murder case, was hacked to death while returning from the police station. Intelligence reports had previously warned of a potential attack by the Kadathur gang led by Black Vishnu.

