ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലോകപ്രസിദ്ധമായ ബദ്രീനാഥ്, കേദാര്‍നാഥ് ധാമുകൾ ഉൾപ്പെടെയുള്ള 47 ക്ഷേത്രങ്ങളിൽ ഈ വർഷം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കുന്നു (Badrinath Kedarnath entry ban). ചാർധാം തീർത്ഥാടനത്തിന് മുന്നോടിയായി ചേർന്ന ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ് യോഗത്തിലാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അഹിന്ദുക്കൾക്ക് ക്ഷേത്ര സമുച്ചയത്തിലോ ശ്രീകോവിലിലോ പ്രവേശനമുണ്ടാകില്ല. ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള 47 ക്ഷേത്രങ്ങളിലും ഈ നിയമം ബാധകമായിരിക്കും. അടുത്ത മാസം (ഏപ്രിൽ) ആരംഭിക്കുന്ന തീർത്ഥാടന സീസൺ മുതൽ പുതിയ പരിഷ്കാരം നിലവിൽ വരും.
ഈ സ്ഥലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും ആദി ശങ്കരാചാര്യർ സ്ഥാപിച്ച വിശുദ്ധമായ ആരാധനാലയങ്ങളാണെന്നും ഹേമന്ത് ദ്വിവേദി വ്യക്തമാക്കി. ആദി ശങ്കരാചാര്യരുടെ കാലം മുതൽ ഇത്തരം നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും, സ്വന്തം മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ വിഭാഗങ്ങൾക്കും ഭരണഘടനയുടെ 26-ാം അനുച്ഛേദം അധികാരം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ തീർത്ഥാടനത്തിനായി കേദാര്‍നാഥ് ധാം ഏപ്രില്‍ 22-നും ബദ്രീനാഥ് ധാം ഏപ്രില്‍ 23-നുമാണ് തുറക്കുന്നത്. തീർത്ഥാടന കേന്ദ്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
Story Summary:
The Badrinath-Kedarnath Temple Committee has decided to ban the entry of non-Hindus into 47 temples, including the famous Badrinath and Kedarnath shrines. The decision, aimed at preserving the sanctity of these religious sites, will be implemented from the upcoming pilgrimage season starting next month.

