തിരുവനന്തപുരം: ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന്റെ സംഗീത സ്മരണകൾ ഇനി ഡിജിറ്റൽ രൂപത്തിൽ ആസ്വദിക്കാം (Yesudas Digital Library). സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ ചരിത്രപ്രസിദ്ധമായ കെട്ടിടം നവീകരിച്ച് നിർമ്മിച്ച ‘യേശുദാസ് ഡിജിറ്റൽ ലൈബ്രറി’യുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ഗ്രാമഫോണിൽ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന വിഖ്യാത ഗാനം കേൾപ്പിച്ചുകൊണ്ടാണ് മന്ത്രി ലൈബ്രറി ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
യേശുദാസിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്ന ഡിജിറ്റൽ സംഗീതം, ഗ്രാമഫോൺ റെക്കോർഡുകൾ, അപൂർവ്വ ചിത്രങ്ങൾ എന്നിവ ഇവിടെയുണ്ട്. മുൻ മന്ത്രി എം.എ. ബേബിയുടെ ശേഖരത്തിൽ നിന്നുള്ള ലോകപ്രശസ്ത സംഗീതജ്ഞരുടെ കൃതികളും ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടികളിൽ സ്വാതി തിരുനാൾ സംഗീത കോളേജ് ഉൾപ്പെടെയുള്ള വിവിധ സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത എട്ട് ഗാനങ്ങൾ ഉൾപ്പെടുത്തി രവിശങ്കറും 50 ഗായകർ ചേർന്ന് അവതരിപ്പിച്ച ‘അഷ്ടഗാനമാലിക’ ഏറെ ശ്രദ്ധേയമായി. കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ നേതൃത്വത്തിൽ ഗ്രാഫിറ്റി വാളിൽ തത്സമയ ചിത്രരചനയും നടന്നു.
സംഗീതത്തിനൊപ്പം സ്ത്രീശാക്തീകരണത്തിനും ചടങ്ങിൽ പ്രാധാന്യം നൽകി. സ്ത്രീധനം, അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മൈക്രോ ഫിലിം ഫെസ്റ്റിവലിലെ വിജയികൾക്ക് ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. പത്മശ്രീ കലാമണ്ഡലം വിമലമേനോനെ ഭാരത് ഭവൻ ആദരിക്കുകയും ചെയ്തു. അമ്പതോളം നടിമാർ അണിനിരന്ന ‘ജാനകീയം’ ഡാൻസ് തിയേറ്റർ അവതരണത്തോടെയാണ് സാംസ്‌കാരിക വിരുന്നിന് തിരശ്ശീല വീണത്.
Story Summary:
Cultural Minister Saji Cherian inaugurated the Yesudas Digital Library at Bharat Bhavan, Thiruvananthapuram, in the building where the legendary singer stayed during his college days. The event also featured a Micro Film Festival on women’s empowerment, awards distribution, and cultural performances including ‘Janakeeyam’ dance theatre.

