കോഴിക്കോട്: കോഴിക്കോട്-ഷൊർണൂർ പാസഞ്ചർ തീവണ്ടിയിൽ എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു (Infant abandoned on Kozhikode Shoranur train news). തിങ്കളാഴ്ച രാവിലെ 10.10-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. കുഞ്ഞിനെ സുരക്ഷിതമായി റെയിൽവേ അധികൃതർക്ക് കൈമാറിയ സഹയാത്രികന്റെ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി.
ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് സീറ്റിലിരുന്ന ഒരു യാത്രക്കാരനോട് ‘ടോയ്‌ലറ്റിൽ പോയി വരാം, കുഞ്ഞിനെ ഒന്ന് നോക്കണം’ എന്ന് പറഞ്ഞാണ് യുവതി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഏൽപ്പിച്ചത്. എന്നാൽ ട്രെയിൻ നീങ്ങിത്തുടങ്ങിയിട്ടും യുവതി തിരിച്ചെത്തിയില്ല.
ട്രെയിൻ പുറപ്പെട്ടതോടെ കുഞ്ഞുമായി എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തനായ യാത്രക്കാരൻ 10.23-ന് വണ്ടി ഫറോക്ക് സ്റ്റേഷനിൽ എത്തിയപ്പോൾ ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ അവിടെ സുരക്ഷിതമായി ഏൽപ്പിച്ചു.
റെയിൽവേ പോലീസും ചൈൽഡ് ലൈനും ചേർന്ന് നടത്തിയ തിരച്ചിലിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് തന്നെ യുവതിയെ കണ്ടെത്തി. കുഞ്ഞിനെ ഒരാളെ ഏൽപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇവരുടെ മറുപടി.
യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർ നഗരത്തിലെ വിവിധയിടങ്ങളിലായാണ് താമസം. മുൻപും സമാനമായ രീതിയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇവർ ശ്രമിച്ചിട്ടുള്ളതായി വിവരമുണ്ട്.
നിലവിൽ കുഞ്ഞിനെ സെയ്ന്റ് വിൻസന്റ് ഹോമിന് കീഴിലുള്ള ‘ഹോംലി ഹോമിലേക്ക്’ മാറ്റിയിരിക്കുകയാണ്. ശിശുക്ഷേമ സമിതിയുടെ (CWC) വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ കുഞ്ഞിനെ തിരികെ അമ്മയ്ക്ക് കൈമാറണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് ശിശുസംരക്ഷണ സമിതി വ്യക്തമാക്കി.
Story Summary :
A woman abandoned her eight-month-old infant on the Kozhikode-Shoranur Passenger train on Monday morning. She entrusted the baby to a fellow passenger, claiming she was going to the toilet, but failed to return before the train departed. The passenger alerted the Feroke Station Master, and the child was later handed over to Railway Police and Childline. The mother, suspected of having mental health issues, was later located near Kozhikode station. The infant has been moved to a care home under the Child Welfare Committee’s direction.

