കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന സമരത്തിനിടെ കോഴിക്കോട് ആശുപത്രിയിൽ നാടകീയ രംഗങ്ങൾ. നഴ്സുമാരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും മുറിയിൽ പൂട്ടിയിട്ടതായും പരാതി ഉയർന്നതോടെ ആശുപത്രി പരിസരം സംഘർഷഭരിതമായി.(Complaint that nurses were locked up, Dramatic scenes at the hospital)
വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധപൂർവ്വം ജോലി ചെയ്യിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ജോലിക്ക് കയറിയില്ലെങ്കിൽ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പറഞ്ഞു. സമരം ചെയ്യുന്ന നഴ്‌സുമാരെയും പുതിയ ജീവനക്കാരെയും മുറിക്കുള്ളിൽ പൂട്ടിയിട്ടതായി നഴ്‌സിങ് സംഘടനാ പ്രവർത്തകർ ആരോപിച്ചു.
വിവരമറിഞ്ഞ് കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെയാണ് പോലീസും ആശുപത്രി അധികൃതരും ഇടപെട്ടത്. സമരത്തിൽ പങ്കുചേരുന്നവർ ചൊവ്വാഴ്ച എട്ട് മണിക്ക് മുൻപായി ഹോസ്റ്റൽ ഒഴിയണമെന്നും മെസ് സൗകര്യം നിർത്തലാക്കുമെന്നും കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നൽകി. വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും നഴ്‌സുമാർ പരാതിപ്പെട്ടു.

