വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് (US sinks Iranian warship IRIS Dena). ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ‘ഐആർഐഎസ് ഡെന’യെ (IRIS Dena) അമേരിക്കൻ മുങ്ങിക്കപ്പൽ ആക്രമിച്ചു മുക്കി. അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് നടന്ന സൈനിക നടപടിയുടെ ദൃശ്യങ്ങൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു ശത്രുരാജ്യത്തിന്റെ കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് തകർക്കുന്നതെന്ന് യുഎസ് അവകാശപ്പെട്ടു.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹേഗ്സേഥ് ആണ് ഈ നിർണ്ണായക സൈനിക നീക്കം സ്ഥിരീകരിച്ചത്. “നിശ്ശബ്ദ മരണം” എന്നാണ് ഈ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. “ഞങ്ങൾ വിജയിക്കാൻ വേണ്ടിയാണ് പോരാടുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്നവർക്ക് വലിയ ആൾനാശം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ യുദ്ധക്കപ്പലിലുണ്ടായിരുന്ന 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തകർന്ന കപ്പലിൽ നിന്ന് 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 148 ഓളം പേരെ കാണാതായതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര കപ്പൽ ചാലുകൾക്ക് സമീപം നടന്ന ആക്രമണമായതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയെയും ഈ സംഭവം ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അമേരിക്കയുടെ ഈ നീക്കത്തോടുള്ള ഇറാന്റെ പ്രതികരണം ലോകം ഉറ്റുനോക്കുകയാണ്.
Story Summary:
In a historic military move, the United States confirmed sinking the Iranian warship ‘IRIS Dena’ in the Indian Ocean using a submarine torpedo. US Defense Secretary Pete Hegseth described the operation as “Silent Death,” noting it’s the first time since WWII that an enemy vessel has been sunk by a torpedo. Reports suggest 80 people died, 32 were rescued by Sri Lankan authorities, and nearly 148 remain missing.

