വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് കടക്കവെ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക. ‘ഉടൻ തന്നെ പുറപ്പെടുക’ എന്ന കർശന സന്ദേശമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയിരിക്കുന്നത്. ലഭ്യമായ ഏത് യാത്രാ സൗകര്യവും ഉപയോഗപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം.(US issues strict warning to citizens to leave the Middle East)
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്. അമേരിക്കൻ പൗരന്മാരുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ മുൻഗണന.
പൗരന്മാർക്ക് കൃത്യമായ സുരക്ഷാ വിവരങ്ങൾ കൈമാറാൻ ‘സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ’ (STEP) രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സുരക്ഷാ അപ്ഡേറ്റുകൾ നൽകാനുള്ള ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സംയുക്ത ആക്രമണം നടത്താൻ അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

