തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാതെ കേരള കോൺഗ്രസ് (എം) (Jose K Mani Seat Sharing Kerala Election 2026). കുറ്റ്യാടി ഉൾപ്പെടെ 13 സീറ്റുകൾ വേണമെന്ന നിലപാടിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉറച്ചുനിന്നതോടെ സി.പി.എമ്മുമായുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലായി. കുറ്റ്യാടി തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്നും അത് വിട്ടുനൽകാനാവില്ലെന്നുമാണ് സി.പി.എം നിലപാട്.
“കഴിഞ്ഞ തവണ ലഭിച്ച 13 സീറ്റുകൾ തന്നെ ഇത്തവണയും വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. ചില സിറ്റിംഗ് സീറ്റുകളുടെ കാര്യത്തിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ട്. അത് പരിഹരിക്കാൻ പകരം സീറ്റുകൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്,” ചർച്ചയ്ക്ക് ശേഷം ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് നൽകിയ കുറ്റ്യാടി സീറ്റ് പ്രാദേശിക പ്രതിഷേധത്തെത്തുടർന്ന് അവസാന നിമിഷം സി.പി.എമ്മിന് തന്നെ വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. എന്നാൽ ഇത്തവണ ഈ സീറ്റ് തിരികെ വേണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം.
2021-ൽ 13 സീറ്റുകൾ അനുവദിച്ചെങ്കിലും 12 ഇടത്താണ് കേരള കോൺഗ്രസ് മത്സരിച്ചത്. ഇതിൽ അഞ്ച് സീറ്റുകളിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്. ഇത് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ സീറ്റുകൾ നൽകുന്നതിൽ സി.പി.എം കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പ് ഉയരുന്നത്. വരും ദിവസങ്ങളിൽ എൽ.ഡി.എഫ് കൺവീനറുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചകളിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലാ, കടുത്തുരുത്തി തുടങ്ങിയ സിറ്റിംഗ് സീറ്റുകളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്.
Story Summary: Seat-sharing talks between CPM and Kerala Congress (M) for the upcoming Kerala Assembly elections remain inconclusive. Jose K. Mani is demanding 13 seats, including Kuttiadi, while CPM maintains that Kuttiadi is their sitting seat. In the previous election, KC(M) contested in 12 seats and won five after returning Kuttiadi to the CPM.

