സിഡ്നി: ന്യൂസിലാൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയതായി ഔദ്യോഗിക സ്ഥിരീകരണം. ഭർത്താവ് ക്ലാർക്ക് ഗേഫോർഡിനും ഏഴ് വയസ്സുകാരി മകൾ നീവിനുമൊപ്പം സിഡ്നിയുടെ വടക്കൻ കടലോര മേഖലയിലാണ് അവർ ഇപ്പോൾ കഴിയുന്നത്.(Jacinda Ardern leaves New Zealand for Australia, Settles in Sydney)
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതായും ഇത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കുന്നുണ്ടെന്നും ജസീന്തയുടെ ഓഫീസ് വക്താവ് വ്യക്തമാക്കി. സിഡ്നിയിലെ ‘ഫ്രഷ് വാട്ടർ’, ‘കേൾ കേൾ’ തുടങ്ങിയ പ്രമുഖ പ്രദേശങ്ങളിൽ ജസീന്തയും കുടുംബവും വീട് അന്വേഷിക്കുന്നതായി ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് വെബ്‌സൈറ്റുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ജസീന്തയുടെ ഈ നീക്കം ന്യൂസിലാൻഡിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, ഉയർന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവ കാരണം റെക്കോർഡ് എണ്ണം ന്യൂസിലാൻഡ് പൗരന്മാരാണ് നിലവിൽ രാജ്യം വിടുന്നത്. ഇതിൽ 60 ശതമാനത്തിലധികം പേരും തിരഞ്ഞെടുക്കുന്നത് ഓസ്‌ട്രേലിയയെയാണ്. സ്വന്തം രാജ്യം പ്രതിസന്ധിയിലായിരിക്കുമ്പോൾ മുൻ ഭരണാധികാരി തന്നെ മറ്റൊരു രാജ്യത്തേക്ക് താമസം മാറുന്നത് ശരിയല്ലെന്ന രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
2017-ൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഭരണാധികാരിയായി അധികാരമേറ്റ ജസീന്ത, കോവിഡ് പ്രതിരോധം, ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ് തുടങ്ങിയ പ്രതിസന്ധികളെ നേരിട്ട രീതിയിലൂടെ ആഗോള ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഭരണത്തിന്റെ അവസാനകാലത്ത് സാമ്പത്തിക പ്രശ്നങ്ങളും ഭവന പ്രതിസന്ധിയും പരിഹരിക്കാത്തതിൽ അവർക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നു. 2023 ജനുവരിയിലാണ് അവർ പ്രധാനമന്ത്രി പദവി ഒഴിഞ്ഞത്.

