ദുബായ്: ഗൾഫ് രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. കുവൈത്തിലെ അമേരിക്കൻ എംബസി, അഹ്മദി റിഫൈനറി, യുഎഇയിലെ ആമസോൺ ഡാറ്റ സെന്റർ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.(Iran turns Gulf region into battlefield during holy month, Explosions echo)
കുവൈത്തിലെ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണമുണ്ടായതായും അവിടെ നിന്ന് കറുത്ത പുക ഉയരുന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുഎസ് പൗരന്മാരോട് വീടുകളിൽ തന്നെ കഴിയാനും ജനലുകളിൽ നിന്ന് അകന്നു നിൽക്കാനും എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. അമേരിക്കയുടെ എഫ്-15 (F-15) യുദ്ധവിമാനം തങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. വിമാനം തകർന്നെങ്കിലും രണ്ട് പൈലറ്റുമാർ സുരക്ഷിതമായി രക്ഷപ്പെട്ടതായാണ് വിവരം. പ്രതിദിനം 346,000 ബാരൽ ശേഷിയുള്ള അഹ്മദി എണ്ണ ശുദ്ധീകരണശാലയിൽ മിസൈൽ ചീളുകൾ പതിച്ച് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. എന്നാൽ ഉത്പാദനം തടസ്സപ്പെട്ടിട്ടില്ലെന്ന് കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു.
യുദ്ധഭീതിയെത്തുടർന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ മൂന്നാം ദിവസവും മുടങ്ങി. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. ഇന്ന് മാത്രം 44 സർവീസുകൾ റദ്ദാക്കി. മൂന്ന് ദിവസത്തിനിടെ ആകെ 73 സർവീസുകളാണ് മുടങ്ങിയത്. കരിപ്പൂരിൽ നിന്ന് 20 സർവീസുകളും തിരുവനന്തപുരത്ത് നിന്ന് 20 സർവീസുകളും ഇന്ന് റദ്ദാക്കി. ഒമാൻ എയർ (മസ്കറ്റ്), സൗദി എയർലൈൻസ് (ജിദ്ദ), ഫ്ലൈ നാസ്, സലാം എയർ എന്നീ വിമാനങ്ങൾ മാത്രമാണ് നിലവിൽ ഭാഗികമായി സർവീസ് നടത്തുന്നത്.
അമേരിക്കയുമായി യാതൊരുവിധ സന്ധി സംഭാഷണത്തിനും തയ്യാറല്ലെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. പ്രകോപനം തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ജി.സി.സി കൗൺസിലും മുന്നറിയിപ്പ് നൽകി. മെഹ്ബൂല, അഹമ്മദി, മങ്കഫ് തുടങ്ങിയ ജനവാസ മേഖലകളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് പ്രവാസി മലയാളികളെയും വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

