ടെഹ്‌റാൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പ്രതിരോധ കവചങ്ങൾ തകർന്നടിയുന്നു. ഇറാന്റെ കരുത്തെന്നു കരുതിയിരുന്ന ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി വ്യോമപ്രതിരോധ സംവിധാനം യുഎസ്-ഇസ്രായേൽ മിസൈലുകൾക്ക് മുന്നിൽ നിഷ്പ്രഭമായതാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിച്ചത്. ഇതോടെ ചൈനീസ് സൈനിക സാങ്കേതികവിദ്യയുടെ കാര്യക്ഷമതയെക്കുറിച്ച് ആഗോളതലത്തിൽ ചോദ്യങ്ങൾ ഉയരുകയാണ്.(Defense failure in Iran, Chinese-made missile defense system collapses)
ചൈനയിലെ എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചത് ആണിത്. 260 കിലോമീറ്റർ പരിധിയിലെ ലക്ഷ്യങ്ങളെ തകർക്കാനും ഒരേസമയം 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും ശേഷിയുണ്ടെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ‘എണ്ണയ്ക്ക് പകരം ആയുധം’ എന്ന കരാറിലൂടെയാണ് ഇറാൻ ഇത് സ്വന്തമാക്കിയത്. ആണവ നിലയങ്ങളുടെയും പ്രധാന സൈനിക താവളങ്ങളുടെയും സുരക്ഷയ്ക്കായാണ് ഇറാൻ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നത്.
റഷ്യൻ എസ്-300, അമേരിക്കൻ പാട്രിയറ്റ് സിസ്റ്റങ്ങളുടെ മാതൃകയിൽ നിർമ്മിച്ചതാണെങ്കിലും യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ അതിശക്തമായ വ്യോമാക്രമണത്തെ ചെറുക്കാൻ ഇതിനായില്ല. ടെഹ്‌റാൻ ഉൾപ്പെടെയുള്ള 20 പ്രവിശ്യകളിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകസമാധാനം ഉറപ്പാക്കാൻ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രത്യാക്രമണ ശേഷിയെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പ്രതികരണം.

