ന്യൂഡൽഹി: ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ച് സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു (CBSE Exam Postponed Gulf 2026). മാർച്ച് 2 തിങ്കളാഴ്ച നടക്കാനിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് ബോർഡ് മാറ്റിവെച്ചത്. ഗൾഫ് മേഖലയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കുന്നതാണ് ഈ തീരുമാനം.
ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകൾക്കാണ് ഈ നിർദ്ദേശം ബാധകം.മാർച്ച് 2-ന് നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാത്രമാണ് ഇപ്പോൾ ഔദ്യോഗികമായി മാറ്റിവെച്ചിരിക്കുന്നത്. ഇതിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മാർച്ച് 3 ചൊവ്വാഴ്ച മേഖലയിലെ സാഹചര്യം ബോർഡ് വീണ്ടും വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.പരീക്ഷാ മാറ്റത്തിന് പുറമെ, യുഎഇയിലെ സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കും മാർച്ച് 2 മുതൽ 4 വരെ ഓൺലൈൻ പഠനത്തിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പരീക്ഷാ മാറ്റവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സർക്കുലറുകളിൽ വിശ്വസിക്കരുതെന്ന് സിബിഎസ്ഇ മുന്നറിയിപ്പ് നൽകി. പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കിയിട്ടില്ലെന്നും താൽക്കാലികമായി മാറ്റിവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബോർഡ് വ്യക്തമാക്കി. ഔദ്യോഗിക വിവരങ്ങൾക്കായി സ്‌കൂൾ അധികൃതരുമായോ സിബിഎസ്ഇ വെബ്‌സൈറ്റുമായോ ബന്ധപ്പെടുക.
Story Summary: CBSE has postponed the Class 10 and 12 board exams scheduled for March 2, 2026, in Bahrain, Iran, Kuwait, Oman, Qatar, Saudi Arabia, and the UAE due to the ongoing US-Israel-Iran conflict. The board will review the situation on March 3 to decide on exams scheduled from March 5 onwards. Students are advised to follow official updates and ignore fake circulars.

