ടെഹ്‌റാൻ: ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്‌നീമും ഫാർസും റിപ്പോർട്ട് ചെയ്തു.(Time for Iran’s liberation, thanks to Trump, Reza Pahlavi on Khamenei’s assassination)
ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്ത് ഏഴ് ദിവസത്തെ പൊതു അവധിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ പോരാടിയ ഇസ്ലാമിക ലോകത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ഇറാൻ കാബിനറ്റ് അനുസ്മരിച്ചു.
ഇറാനെതിരായ സൈനിക നീക്കം അതിവേഗത്തിലും കൃത്യതയോടെയുമാണ് നടക്കുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മിഡിൽ ഈസ്റ്റിൽ പൂർണ്ണ സമാധാനം കൈവരിക്കും വരെ ആക്രമണം തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഈ ആഴ്ച ഉടനീളം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികൾ തുടരുമെന്നാണ് വാഷിംഗ്ടണിൽ നിന്നുള്ള അറിയിപ്പ്.
പരമോന്നത നേതാവിന്റെ വധത്തിന് പിന്നാലെ ഇസ്രായേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കും എതിരെ അതിരൂക്ഷമായ തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി. ചരിത്രത്തിലില്ലാത്ത വിധം ശക്തമായ പ്രത്യാക്രമണത്തിനാണ് ഇറാൻ സൈന്യം തയ്യാറെടുക്കുന്നത്. ഇറാന്റെ മോചനത്തിനുള്ള സമയമാണിതെന്ന് റെസ പഹ്‌ലവി പ്രതികരിച്ചു. സൈനിക നടപടിക്ക് ട്രംപിന് നന്ദി അറിയിച്ച അദ്ദേഹം, ജനാധിപത്യപരമായ പുതിയ ഇറാന് വേണ്ടിയുള്ള പദ്ധതികൾ തയാറാണെന്നും വ്യക്തമാക്കി.

