തിരുവനന്തപുരം/ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് മേഖലയിലേക്കും വ്യാപിച്ചതോടെ മലയാളികളുൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ മുൻനിർത്തി കേരള സർക്കാർ നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു (NORKA Helpdesk Numbers). മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം ഉണ്ടായെന്ന റിപ്പോർട്ടുകൾ പ്രവാസലോകത്ത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
നോർക്ക ഹെൽപ്പ് ഡെസ്ക് വിവരങ്ങൾ:
സഹായം ആവശ്യമുള്ളവർക്കും വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
അന്താരാഷ്ട്ര മിസ്ഡ് കോൾ നമ്പർ: +91 8802012345
ഇന്ത്യയിൽ നിന്നുള്ള ടോൾ ഫ്രീ നമ്പർ: 1800 425 3939
അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ഗൾഫ് മേഖലയിലെ സാഹചര്യം:
ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ബഹ്‌റൈനിലെ യുഎസ് നാവിക ബേസിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് കുവൈത്തിൽ സൈറണുകൾ മുഴങ്ങി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഔദ്യോഗിക അറിയിപ്പ് നൽകി. ജനലുകളില്ലാത്ത സുരക്ഷിത മുറികളിലേക്ക് മാറാനും അവശ്യസാധനങ്ങൾ കരുതാനും ബഹ്‌റൈൻ ഭരണകൂടം പൗരന്മാർക്കും പ്രവാസികൾക്കും നിർദ്ദേശം നൽകി.
ഇറാന്റെ നീക്കത്തെ ബഹ്‌റൈൻ അപലപിച്ചു. ഉചിതമായ രീതിയിൽ പ്രതികരിക്കാൻ അവകാശമുണ്ടെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് നാടുകളിലെ യുദ്ധസമാനമായ സാഹചര്യം കേരളത്തെയും കേന്ദ്ര സർക്കാരിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ നോർക്കയും വിദേശകാര്യ മന്ത്രാലയവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Story Summary: In response to the escalating conflict between Iran and Israel affecting Gulf nations, Kerala CM Pinarayi Vijayan directed NORKA Roots to set up an emergency helpdesk for Malayali expats. Iran reportedly targeted US military bases in Bahrain, Qatar, Kuwait, Abu Dhabi, and Saudi Arabia. Gulf countries have issued safety alerts, and NORKA has provided global contact numbers for assistance.

