ന്യൂയോർക്ക്: ഹോട്ടൽ മുറികളിലെ കോഫി മേക്കർ ഉപയോഗിച്ച് അടിവസ്ത്രം കഴുകുന്ന രീതി പരിചയപ്പെടുത്തി സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം നേരിട്ട ട്രാവൽ ഇൻഫ്ലുവൻസർ താര വുഡ്‌കോക്സ് ഒടുവിൽ വിശദീകരണവുമായി രംഗത്തെത്തി (Underwear Washing Hack Video Backlash). താൻ യഥാർത്ഥത്തിൽ അത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നും വീഡിയോ വെറും തമാശയായിരുന്നെന്നുമാണ് താര ഇപ്പോൾ അവകാശപ്പെടുന്നത്. വീഡിയോ വൈറലായതോടെ താരയ്‌ക്കെതിരെ ഹോട്ടൽ അധികൃതർ പത്തുലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) മാനനഷ്ടക്കേസ് നൽകിയെന്ന വാർത്തകളും അവർ നിഷേധിച്ചു.
View this post on Instagram
യാത്രയ്ക്കിടയിൽ വൃത്തിയുള്ള അടിവസ്ത്രങ്ങൾ തീർന്നുപോയാൽ കോഫി മേക്കറിലെ ചൂടുവെള്ളം ഉപയോഗിച്ച് അവ കഴുകാമെന്നായിരുന്നു താരയുടെ ആദ്യത്തെ വീഡിയോ. ഇത് കണ്ട് അറപ്പോടെയും ദേഷ്യത്തോടെയുമാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. എന്നാൽ, ഹോട്ടലുകളിലെ കോഫി മേക്കറുകൾ എത്രത്തോളം അശുദ്ധമായിരിക്കാം എന്ന് ബോധ്യപ്പെടുത്താനാണ് താൻ ആ വീഡിയോ ചെയ്തതെന്നാണ് താരയുടെ പുതിയ വാദം. ഒരു സുഹൃത്ത് പറഞ്ഞുകേട്ട അറിവ് തമാശരൂപേണ പങ്കുവെച്ചതാണെന്നും ആളുകൾ ഇത് കാര്യമായി എടുക്കുമെന്ന് കരുതിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, താരയുടെ വിശദീകരണം വിശ്വസിക്കാൻ പലരും തയ്യാറായിട്ടില്ല. നിയമനടപടികൾ പേടിച്ചാണ് ഇപ്പോൾ മാറ്റിപ്പറയുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിക്കുന്നു. ഹോട്ടൽ അധികൃതർ കേസ് നൽകിയെന്ന വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്ന് ഐ.ബി ടൈംസ് യു.കെ റിപ്പോർട്ട് ചെയ്തു. എങ്കിലും ഇത്തരം ‘അറപ്പുളവാക്കുന്ന’ വീഡിയോകൾ പങ്കുവെക്കുന്നത് ബിസിനസ്സുകളെ ദോഷകരമായി ബാധിക്കുമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും വിമർശനമുയരുന്നുണ്ട്. മിക്ക ഹോട്ടലുകളും ഈ സംഭവത്തെത്തുടർന്ന് മുറികളിലെ കോഫി മേക്കറുകളുടെ ശുചിത്വം ഉറപ്പാക്കാൻ പുതിയ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
View this post on Instagram
Summary: Travel influencer Tara Woodcox has clarified that her viral video showing her washing underwear in a hotel coffee maker was meant to be a joke and not taken literally.

