കൊച്ചി: പെപ്പെ ആരാധകർ കാത്തിരിക്കുന്ന ‘കാട്ടാളൻ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പൂർത്തിയായി (Kattalan Movie Pack Up). തായ്‌ലൻഡിൽ ആരംഭിച്ച് ഇടുക്കി, തേനി, പൂനെ, ചെന്നൈ, രാമേശ്വരം, മുംബൈ എന്നിവിടങ്ങളിലായി 140 ദിവസം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണത്തിനൊടുവിലാണ് സിനിമ പാക്കപ്പ് ആയത്.
ബാഹുബലി-2, പൊന്നിയിൻ സെൽവൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ലോകപ്രശസ്ത കൊറിയോഗ്രാഫർ കൊച്ച കെംബഡി കെ ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ‘കാന്താര ചാപ്റ്റർ 2’-ന് ശേഷം പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും കാട്ടാളനുണ്ട്.
ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആർ. ആണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും സുനിൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. മലയാളത്തിൽ നിന്നും മറ്റു ഭാഷകളിൽ നിന്നുമുള്ള വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
തെലുങ്ക് താരം സുനിൽ (പുഷ്പ ഫെയിം), കബീർ ദുഹാൻ സിംഗ്, രാജ് തിരാണ്ടുസു. ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവർക്കൊപ്പം റാപ്പർ ബേബി ജീൻ, ഹനാൻ ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ഈ ആക്ഷൻ എന്റർടൈനർ വരും മാസങ്ങളിൽ തിയേറ്ററുകളിലെത്തും. ‘മാർക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സ് പുറത്തിറക്കുന്ന മറ്റൊരു വമ്പൻ പ്രോജക്റ്റാണിത്.
Story Summary: Filming for Antony Varghese’s big-budget action flick ‘Kattalan’ has wrapped up after a 140-day schedule across Thailand and India. Directed by Paul George and produced by Sharif Mohammed, the movie features action by world-renowned Kochcha Kembakdee and music by Ajaneesh Loknath. The film boasts a pan-Indian cast including Telugu actor Sunil.

