ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്‌കോട്ടിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ച് വയോധികയും മകനും മരിച്ചു (Rajkot Flat Fire). രാമകൃഷ്ണ നഗറിലെ ഫ്ലാറ്റിന്റെ നാലാം നിലയിൽ താമസിച്ചിരുന്ന പ്രഭ പൂജാര (92), മകൻ നരേന്ദ്ര പൂജാര (61) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തെ തുടർന്നുണ്ടായ പുകയും ശ്വാസംമുട്ടലുമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.
സംഭവസമയത്ത് പ്രഭയും നരേന്ദ്രയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നരേന്ദ്രയുടെ ഭാര്യ ശിൽപ പുറത്തുപോയ സമയത്തായിരുന്നു അപകടം. അയൽവാസികളാണ് വിവരം ഫയർഫോഴ്‌സിനെയും ശിൽപയെയും അറിയിച്ചത്.അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ വാതിൽ തകർത്താണ് അഗ്നിശമന സേന അകത്തുകയറിയത്. അബോധാവസ്ഥയിലായ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുക്കളയിലെയും ഹാളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും കത്തിയമർന്നു. എന്നാൽ അപകടസമയത്ത് എസിയോ ലൈറ്റുകളോ പ്രവർത്തിച്ചിരുന്നില്ലെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു.ഒരു മാസത്തിനുള്ളിൽ പുതിയ വീട്ടിലേക്ക് താമസം മാറാൻ തയ്യാറെടുക്കുകയായിരുന്നു ഈ കുടുംബം. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് സംഘം പരിശോധന നടത്തിവരികയാണ്. പോലീസ് അപകടമരണത്തിന് കേസെടുത്തു.
Story Summary: A 92-year-old woman and her 61-year-old son died in a fire at their fourth-floor flat in Rajkot, Gujarat. The victims, Prabha Pujara and Narendra Pujara, died due to asphyxiation and severe burns. The fire reportedly destroyed electronic appliances in the kitchen and hall. Forensic officials are investigating the cause of the fire.

