ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ഒരു ഏഴ് വയസുകാരനെ കുറിച്ചുള്ള രസകരമായ വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമിതഭാരമുള്ള തന്റെ മകനെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി പിതാവ് ഹേ ഒരു വെല്ലുവിളി മുന്നോട്ട് വെച്ചതാണ് എല്ലാത്തിന്റേയും തുടക്കം. (Skipping for each like)
7 വയസ്സുകാരനായ ടാങ്‌ദൗവിന് 1.32 മീറ്റർ ഉയരവും 45 കിലോ തൂക്കവുമുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് സാധാരണയായി വേണ്ടതിലധികം ഭാരമാണിത്. മകനെ പ്രോത്സാഹിപ്പിക്കാൻ പിതാവ് ചില നിബന്ധനകൾ വെച്ചു. ഓരോ അര കിലോ തൂക്കം കുറഞ്ഞാലും മകന് 10 യുവാൻ (ഏകദേശം 120 രൂപ) വച്ച് സമ്മാനം നൽകും. ഓരോ അര കിലോ തൂക്കം കൂടിയാൽ മകൻ അച്ഛന് 10 യുവാൻ പിഴ നൽകണം.
അങ്ങനെയാണ് വീഡിയോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും സ്കിപ്പിംഗ് ചെയ്യാനായി കുട്ടി തീരുമാനിക്കുന്നത്. 10,000 ലൈക്ക് കിട്ടിയാലും നീ സ്കിപ്പിംഗ് ചെയ്യുമോ എന്ന് അച്ഛൻ ചോദിച്ചപ്പോൾ ‘ചെയ്യും’ എന്നായിരുന്നു മകന്റെ മറുപടി. എന്നാൽ, വീഡിയോ പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ 18 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്. ഇത്രയും ലൈക്ക് കണ്ട് അച്ഛനും മകനും ഒരുപോലെ ഞെട്ടിപ്പോയി. ഇത്രയധികം തവണ സ്കിപ്പിംഗ് ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അച്ഛൻ കൂടെ സഹായിക്കണമെന്നും കുട്ടി പിന്നീട് വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മകൻ വാക്കിന് വില നൽകുന്നവനായി വളരണമെന്നും ഒപ്പം അവന്റെ ആരോഗ്യം സംരക്ഷിക്കണമെന്നാണ് ആഗ്രഹമെന്ന് പിതാവ് പറയുന്നു.

