മുംബൈ : ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ (Digital Arrest Scam) തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടിയുമായി സിബിഐ. മുംബൈയിൽ നിന്നുള്ള ഒരു പരാതിക്കാരനിൽ നിന്ന് 1.86 കോടി രൂപ തട്ടിയെടുത്ത കേസിൽ നാഗ്പൂർ സ്വദേശിയടക്കം മൂന്ന് പേരെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
നിയമപാലകരെന്ന വ്യാജേന ഇരകളെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട്, അവർ നിയമവിരുദ്ധമായ പാർസലുകൾ അയച്ചുവെന്നോ ക്രിമിനൽ കേസിൽ ഉൾപ്പെട്ടുവെന്നോ ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. മുംബൈ സ്വദേശിയായ പരാതിക്കാരനെ മണിക്കൂറുകളോളം ഓൺലൈനായി നിരീക്ഷിക്കുകയും (ഡിജിറ്റൽ അറസ്റ്റ്) ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടുകയുമായിരുന്നു.
നാഗ്പൂരിൽ നിന്നുള്ള ഒരു പ്രധാന ഓപ്പറേറ്ററെയും മറ്റ് രണ്ട് സഹായികളെയുമാണ് സിബിഐ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, വ്യാജ രേഖകൾ എന്നിവ കണ്ടെടുത്തു. തട്ടിയെടുത്ത 1.86 കോടി രൂപ വിവിധ ‘ഷെൽ’ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വെളുപ്പിക്കാനാണ് സംഘം ശ്രമിച്ചത്. പ്രതികൾക്ക് വിദേശ രാജ്യങ്ങളിലെ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും സിബിഐ അന്വേഷിക്കുന്നുണ്ട്.
സിബിഐയുടെ മുന്നറിയിപ്പ്
ഔദ്യോഗിക ഏജൻസികളായ സിബിഐ, ഇഡി, പോലീസ് എന്നിവർ ഒരിക്കലും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

