ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ചുമതലയേറ്റതിന് പിന്നാലെ രാജ്യത്തെ പ്രതിരോധ-രഹസ്യാന്വേഷണ വിഭാഗങ്ങളുടെ തലപ്പത്ത് അഴിച്ചുപണി നടത്തി. സൈനിക ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ ഉത്തരവ് പ്രകാരം തന്ത്രപ്രധാനമായ തസ്തികകളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു.(Major reshuffle at the top of the Bangladesh army, New appointments in strategic posts)
ആർമി ട്രെയിനിങ് ആൻഡ് ഡോക്ട്രിൻ കമാൻഡിന്റെ ജി.ഒ.സി ആയിരുന്ന ലെഫ്. ജനറൽ എം. മൈനൂർ റഹ്മാനെ പുതിയ ചീഫ് ഓഫ് ജനറൽ സ്റ്റാഫായി നിയമിച്ചു. വിരമിക്കൽ അവധിയിൽ പ്രവേശിച്ച ലെഫ്. ജനറൽ മിസാനൂർ റഹ്മാൻ ഷമീമിന് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. രാജ്യത്തെ സുപ്രധാന സൈനിക രഹസ്യാന്വേഷണ ഏജൻസിയായ ഡി.ജി.എഫ്.ഐയുടെ പുതിയ ഡയറക്ടർ ജനറലായി മേജർ ജനറൽ കൈസർ റഷീദ് ചൗധരി ചുമതലയേറ്റു. മേജർ ജനറൽ മുഹമ്മദ് ജഹാംഗീർ ആലമിന് പകരമാണ് ഈ നിയമനം.
ലഫ്റ്റനന്റ് ജനറൽ എസ്.എം. കമ്രുൽ ഹസനെ മാറ്റി പകരം ലെഫ്. ജനറൽ മിർ മുഷ്ഫിഖുർ റഹ്മാനെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറായി നിയമിച്ചു. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ ഡിഫൻസ് അഡ്വൈസറായിരുന്ന ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹഫീസുർ റഹ്മാനെ സർക്കാർ തിരിച്ചുവിളിച്ചു. അദ്ദേഹത്തിന് മേജർ ജനറലായി സ്ഥാനക്കയറ്റം നൽകുകയും 55-ാം ഇൻഫൻട്രി ഡിവിഷന്റെ ജി.ഒ.സി ആയി നിയമിക്കുകയും ചെയ്തു.
55-ാം ഇൻഫൻട്രി ഡിവിഷന്റെ തലവനായിരുന്ന മേജർ ജനറൽ ജെ.എം. ഇംദാദുൽ ഇസ്‌ലാമിനെ ഈസ്റ്റ് ബംഗാൾ റെജിമെന്റൽ സെന്ററിന്റെ കമാൻഡന്റായി മാറ്റി നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ലെഫ്. ജനറൽ എസ്.എം. കമ്രുൽ ഹസൻ, മേജർ ജനറൽ മുഹമ്മദ് ജഹാംഗീർ ആലം എന്നിവരെ വിദേശകാര്യ മന്ത്രാലയത്തിൽ അംബാസഡർമാരായി നിയമിച്ചിട്ടുണ്ട്. ബി.എൻ.പി സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ നടത്തിയ ഈ സൈനിക പരിഷ്കാരം ഭരണപരമായ വേഗതയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.

