കിഷ്ത്വാർ: ജമ്മു കാശ്മീരിൽ വീണ്ടും സുരക്ഷാസേനയുടെ വൻ വിജയം (Kishtwar Encounter). കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സെയ്ഫുള്ല ബലോച് ഉൾപ്പെടെ മൂന്ന് പാക് ഭീകരരെ വധിച്ചു. അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭീകരനാണ് ബലോച്.
കരസേനാ യൂണിറ്റും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് കിഷ്ത്വാർ വനമേഖലയിൽ തിരച്ചിൽ നടത്തിയത്. ഭീകരർ ഒളിച്ചിരുന്ന മൺവീട് വളഞ്ഞ സൈന്യം ഇവരെ കീഴടങ്ങാൻ പ്രേരിപ്പിച്ചെങ്കിലും ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്.
അതേസമയം , കരസേനയുടെ സ്നിഫർ ഡോഗ് ‘ടൈസൺ’ ആണ് കൊടുംവനത്തിനുള്ളിലെ ഭീകരരുടെ ഒളിത്താവളം കൃത്യമായി കണ്ടെത്തിയത്. തിരച്ചിലിനിടയിൽ ഭീകരരുടെ വെടിയേറ്റ ടൈസണ് ഗുരുതരമായി പരിക്കേറ്റു. നിലവിൽ സൈനിക ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് ഈ നായ.
കൊല്ലപ്പെട്ടവരിൽ നിന്ന് മൂന്ന് എകെ-47 റൈഫിളുകൾ, ഗ്രനേഡുകൾ, വൻതോതിലുള്ള വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു.
സെയ്ഫുള്ല ബലോചിന്റെ മരണം ജെയ്‌ഷെ മുഹമ്മദിന് മേഖലയിലേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റ ടൈസണിന്റെ ആരോഗ്യനില സൈന്യം നിരീക്ഷിച്ചു വരികയാണ്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുന്നു.
Story Summary:
In a major operation at Kishtwar, J&K, security forces killed three Jaish-e-Mohammed terrorists, including commander Saifullah Baloch. Army dog ‘Tyson’ played a crucial role in locating the hideout but was injured in the gunfire.

