Sunday, February 8, 2026
HomeEditors Pick'എന്തുകൊണ്ട് കേരളം ആന്ധ്രാപ്രദേശ് ആയിക്കൂടാ ? ഗുജറാത്ത് ആയിക്കൂടാ ? LDFലേക്ക്...

‘എന്തുകൊണ്ട് കേരളം ആന്ധ്രാപ്രദേശ് ആയിക്കൂടാ ? ഗുജറാത്ത് ആയിക്കൂടാ ? LDFലേക്ക് പോകണമെന്ന അഭിപ്രായം ആരും പറഞ്ഞില്ല’: സാബു എം ജേക്കബ് | LDF

കൊച്ചി: തങ്ങളെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴാണ് രാജ്യത്തെ ഏറ്റവും ശക്തമായ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് സാബു എം. ജേക്കബ്. ട്വന്റി 20 എന്ന പ്രസ്ഥാനം ഇന്ന് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന തലത്തിലേക്ക് വളർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.(No one has suggested to join LDF, says Sabu M Jacob)

എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, പി.ഡി.പി തുടങ്ങി 25 ഓളം കക്ഷികൾ ചേർന്ന് ട്വന്റി 20-യെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഏകപക്ഷീയമായ തീരുമാനമല്ല. പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്തപ്പോൾ ഭൂരിഭാഗം പേരും എൻ.ഡി.എ സഖ്യത്തെ അനുകൂലിച്ചു. യു.ഡി.എഫ് സഖ്യത്തിനായി ചിലർ വാദിച്ചെങ്കിലും എൽ.ഡി.എഫിലേക്ക് പോകണമെന്ന് ആരും തന്നെ അഭിപ്രായപ്പെട്ടില്ലെന്ന് സാബു വ്യക്തമാക്കി.

കേരളത്തിന്റെ വികസനത്തിന് ഈ സഖ്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സഖ്യകക്ഷിയായതോടെ ആന്ധ്രാപ്രദേശിലേക്ക് വൻതോതിൽ വിദേശനിക്ഷേപം ഒഴുകുന്നു. ആന്ധ്രയെയും ഗുജറാത്തിനെയും പോലെ കേരളത്തെയും വികസനക്കുതിപ്പിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ 70 വർഷമായി കേരളം ഭരിച്ച മുന്നണികൾ സംസ്ഥാനത്തെ 50 വർഷം പുറകോട്ട് കൊണ്ടുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എമ്മും കോൺഗ്രസും ട്വന്റി 20-യുടെ നിലപാടിനെതിരെ ‘മുതലക്കണ്ണീർ’ ഒഴുക്കുകയാണ്. പരസ്പരം വിരുദ്ധ ചേരികളിലായിരുന്നവർ ഇപ്പോൾ അരിവാളും കൈപ്പത്തിയും ഒരേ കൊടിമരത്തിൽ കെട്ടി നടക്കുമ്പോൾ അവരുടെ ആദർശം എവിടെപ്പോയി എന്ന് സാബു ചോദിച്ചു. കേരളത്തെ നശിപ്പിച്ചവരോടല്ല, ഇന്ത്യ ഭരിക്കുന്ന സർക്കാരിനോടാണ് തങ്ങൾ സഖ്യം ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates