കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പിനെതിരെ പ്രമേയം പാസാക്കി കോഴിക്കോട് കോർപ്പറേഷൻ. എൽ.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനിൽ പ്രതിപക്ഷമായ കോൺഗ്രസ് അംഗം കെ.സി. ശോഭിത അവതരിപ്പിച്ച പ്രമേയമാണ് പാസാക്കിയത്.(Kozhikode Corporation passes resolution against Public Works Department)
പുതുവത്സര സമ്മാനമായി റോഡ് ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. രണ്ടാംഘട്ട നിർമ്മാണത്തിനായി ഒക്ടോബർ 8-ന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും ടെൻഡർ നടപടികൾ വൈകുന്നത് റോഡ് വികസനത്തെ ദോഷകരമായി ബാധിക്കുന്നു.
വിഷയത്തിൽ പൊതുമരാമത്ത് വകുപ്പും സർക്കാരും അടിയന്തരമായി ഇടപെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.എം അംഗം സുജാത പ്രമേയത്തെ എതിർത്തെങ്കിലും വോട്ടെടുപ്പിലേക്ക് നീങ്ങാതെ കൗൺസിൽ പ്രമേയം പാസാക്കുകയായിരുന്നു.



