നാദാപുരം: പൊതുവഴിയിൽ ഗതാഗതം തടസ്സപ്പെടുത്തിയും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ ആഘോഷം നടത്തുകയും ചെയ്ത വിവാഹസംഘത്തിനെതിരെ നാദാപുരം പോലീസ് കേസെടുത്തു (Nadapuram Wedding Celebration Case). ഞായറാഴ്ച രാത്രി 8.15-ഓടെ പേരോട് ടൗണിലായിരുന്നു സംഭവം.
കോറോത്ത് മൊയ്തുവിന്റെ മകൻ നിഹാലിന്റെ വിവാഹത്തോടനുബന്ധിച്ചാണ് സംഘം റോഡിൽ പ്രഹരശേഷിയുള്ള പടക്കങ്ങൾ നിരത്തി പൊട്ടിച്ചത്. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ റോഡിന് നടുവിൽ പടക്കങ്ങൾ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
റോഡിൽ വാഹനങ്ങൾ തടഞ്ഞും പൊതുജനങ്ങൾക്ക് ഭീഷണിയായും പടക്കം പൊട്ടിച്ച ഏഴു യുവാക്കൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംസ്ഥാനപാതയിലൂടെയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടതായും കാൽനടയാത്രക്കാരും വാഹനയാത്രക്കാരും പടക്കം പൊട്ടുന്നത് കണ്ട് ഭയന്നോടിയതായും നാട്ടുകാർ പറയുന്നു.
വിവാഹാഘോഷങ്ങളുടെ പേരിൽ പൊതുവഴിയിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.



