പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും മുൻ പിഎയുമായിരുന്ന എ. സുരേഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(A Suresh will not be taken back, says MV Govindan)
പുറത്താക്കിയാൽ പുറത്താക്കിയത് തന്നെയാണ്. ഇനി നൂറ് തവണ അപ്പീൽ തന്നിട്ടും കാര്യമില്ല. സുരേഷിനെ തിരിച്ചെടുക്കണമെന്ന ആവശ്യം പാർട്ടി പരിഗണിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് വിട്ടുപോകുന്നത് മലമ്പുഴയിലെ സിപിഎം വോട്ടുകളെ ബാധിക്കില്ല. പാർട്ടി വോട്ടുകൾ ഭദ്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാർട്ടിയോടൊപ്പം നിർത്താൻ ശ്രമിക്കുമ്പോൾ ഒരാൾ കോൺഗ്രസിലേക്ക് പോകാനാണ് തീരുമാനിക്കുന്നതെങ്കിൽ അതിൽ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. നടൻ പ്രേംകുമാറിന്റെ അതൃപ്തിയെക്കുറിച്ചും ഗോവിന്ദൻ പ്രതികരിച്ചു. പ്രേംകുമാർ പാർട്ടി അംഗമല്ല. അദ്ദേഹത്തിന്റെ പിണക്കം മാറ്റാൻ പാർട്ടി ശ്രമിക്കും. എന്നാൽ പിണങ്ങിയേ അടങ്ങൂ എന്നാണ് വാശിയെങ്കിൽ എന്ത് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി സുരേഷ് മത്സരിക്കാനാണ് സാധ്യത. വി.ഡി. സതീശൻ നയിക്കുന്ന ജാഥ പാലക്കാട് എത്തുമ്പോൾ സുരേഷ് അതിൽ പങ്കുചേരും.



