പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കളത്തിലിറക്കി യുഡിഎഫ്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനമായി.(VS’s former PA A Suresh to contest as an independent in Malampuzha from UDF)
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ നാളെ പാലക്കാട് എത്തുമ്പോൾ എ. സുരേഷ് ജാഥയുടെ ഭാഗമാകും. ഇതോടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് വേഗതയേറും. കെപിസിസി നേതാക്കളുമായി സുരേഷ് നടത്തിയ ചർച്ചകൾ വിജയകരമായതിനെത്തുടർന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ധാരണയായത്.
ദീർഘകാലം വി.എസിന്റെ സന്തതസഹചാരിയായിരുന്ന സുരേഷിനെ 11 വർഷം മുൻപാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മലമ്പുഴയിൽ വി.എസ് നേടിയ ജനപ്രീതിയും സുരേഷിന്റെ വ്യക്തിപരമായ സ്വാധീനവും വോട്ടാക്കി മാറ്റാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ആദ്യം മത്സരിക്കുന്ന കാര്യത്തിൽ മടിച്ചുനിന്നിരുന്നെങ്കിലും ഇപ്പോൾ സജീവമായി രംഗത്തിറങ്ങാൻ അദ്ദേഹം സമ്മതം മൂളിയിട്ടുണ്ട്. മലമ്പുഴ മണ്ഡലത്തിൽ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ വെല്ലുവിളിയാകും.



