പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മകരവിളക്ക് ദിനത്തിൽ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ സംവിധായകൻ അനുരാജ് മനോഹർ മൊഴി നൽകി (Anuraj Manohar Sabarimala Shooting Case,). പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹം, ചിത്രീകരണം നടത്തിയത് ഒരു അബദ്ധമായിരുന്നെന്നും പിഴയടയ്ക്കാൻ തയ്യാറാണെന്നും വനംവകുപ്പിനെ അറിയിച്ചു.
സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് തങ്ങളും ക്യാമറ വെച്ചതെന്നും അറിയാതെ സംഭവിച്ച തെറ്റാണെന്നും അനുരാജ് പറഞ്ഞു. സന്നിധാനത്ത് ചിത്രീകരണത്തിനായി അനുരാജ് മുൻപ് അനുമതി തേടിയിരുന്നെങ്കിലും ഹൈക്കോടതി വിലക്കും തിരക്കും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ഇത് നിഷേധിച്ചിരുന്നു. ഇത് നിലനിൽക്കെയാണ് ചിത്രീകരണം നടന്നത്.
താൻ സന്നിധാനത്തല്ല, മറിച്ച് പമ്പ ഹിൽടോപ്പിലാണ് ഷൂട്ടിംഗ് നടത്തിയതെന്നായിരുന്നു അനുരാജ് നേരത്തെ നൽകിയ വിശദീകരണം. പമ്പ പശ്ചാത്തലമായുള്ള സിനിമയായതിനാലാണ് അവിടെ ചിത്രീകരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം , ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാൻ വനംവകുപ്പ് നിർദ്ദേശിച്ചു. ഇവ പരിശോധിച്ച ശേഷമായിരിക്കും തുട നടപടികൾ.അനുമതിയില്ലാതെ പെരിയാർ ടൈഗർ റിസർവിനുള്ളിൽ പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
ദേവസ്വം വിജിലൻസ് എസ്.പി. സുനിൽ കുമാർ ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ ദേവസ്വം ബോർഡ് പ്രസിഡന്റിന് സമർപ്പിക്കും.
‘ഇഷ്ക്’, ‘നരിവേട്ട’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ അനുരാജ് മനോഹറിനെതിരെ അതീവ സുരക്ഷാ മേഖലയിലെ നിയമലംഘനത്തിനാണ് കേസുകൾ ചുമത്തിയിരിക്കുന്നത്.



