കൊച്ചി: കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ (National Strike Kerala) ഹർത്താലിന്റെ പ്രതീതിയുണ്ടാക്കും. അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഗതാഗത മേഖലയും ബാങ്കിംഗ് മേഖലയും പൂർണ്ണമായും അടഞ്ഞു കിടക്കും.
കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ എന്നിവ പണിമുടക്കുന്നതിനാൽ പൊതുഗതാഗതം നിലയ്ക്കും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ അഭ്യർത്ഥിച്ചിട്ടുണ്ട്. മൂന്ന് പ്രധാന ബാങ്കിംഗ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നതിനാൽ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും.
സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവ പ്രവർത്തിക്കില്ല. അധ്യാപക-വിദ്യാർത്ഥി സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി സംഘടനകൾ സഹകരിക്കുന്നതിനാൽ കടകൾ അടഞ്ഞുകിടക്കും. പെട്രോൾ പമ്പുകളും പ്രവർത്തിക്കില്ല.
പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, സ്ഥിരം തൊഴിൽ ഉറപ്പാക്കുക തുടങ്ങിയവയാണ് സംഘടനകൾ ഉയർത്തുന്ന പ്രധാന ആവശ്യം.
അതേസമയം , ദേശീയ പണിമുടക്കിനെ ബിഎംഎസ് (ഭാരതീയ മസ്ദൂർ സംഘം) തള്ളിക്കളഞ്ഞു. സുരക്ഷ ഉറപ്പാക്കിയാൽ തങ്ങളുടെ അംഗങ്ങൾ ജോലിക്കെത്തുമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ധനേഷ് അറിയിച്ചു. ഷിപ്‌യാർഡ്, പോർട്ട്, ബിപിസിഎൽ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിൽ ജോലിക്ക് കയറാൻ സന്നദ്ധത അറിയിച്ച് കത്ത് നൽകിയിട്ടുണ്ട്. സമരം തടയാൻ ആർക്കും അധികാരമില്ലെന്നും ബിഎംഎസ് വ്യക്തമാക്കി.
ആശുപത്രി, പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



