കൊച്ചി: എറണാകുളം ചെല്ലാനത്ത് ഒമ്പത് വയസ്സുകാരൻ എനോയ് ജൂഡ് സ്വകാര്യ ബസിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ (Chellanam Bus Accident). അണ്ടിക്കടവ് പുളിക്കൽ വീട്ടിൽ പി.ഡി. ജോണിനെ (39) ആണ് കണ്ണമാലി പോലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജനുവരി 31-ന് ചെല്ലാനം ബസാർ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്നും ചെല്ലാനത്തേക്ക് വരികയായിരുന്ന KL 49 C 7812 എന്ന സ്വകാര്യ ബസാണ് കുട്ടിയെ ഇടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
അപകടത്തിന് പിന്നാലെ ഡ്രൈവർ ജോൺ ഒളിവിൽ പോവുകയായിരുന്നു. വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയ ശേഷമാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമിതവേഗതയിൽ പായുന്ന സ്വകാര്യ ബസുകൾക്കെതിരെ പ്രദേശത്ത് വലിയ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ഡ്രൈവർ അറസ്റ്റിലാകുന്നത്.



