ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നവജാത ശിശുവിന് ദാരുണാന്ത്യം (Kanpur Hospital Fire). കാൺപൂർ ബ്രഹ്മ് നഗറിലെ രാജാ നഴ്സിംഗ് ഹോമിലാണ് നടുക്കുന്ന സംഭവം നടന്നത്. ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് കുഞ്ഞിനെ കിടത്തിയിരുന്ന വാമറിന് തീപിടിക്കുകയായിരുന്നു.
കാൺപൂർ ബക്കർഗഞ്ച് സ്വദേശികളായ അരുൺ നിഷാദ് – ബിട്ടു ദമ്പതികളുടെ ആദ്യത്തെ കൺമണിയാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ എൻഐസിയു (NICU) വിഭാഗത്തിലെ വാമറിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.
പ്രസവം വിജയകരമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ ആദ്യം ബന്ധുക്കളെ അറിയിച്ചു. എന്നാൽ അപകടവിവരം അഞ്ച് മണിക്കൂറോളം അധികൃതർ മറച്ചുവെച്ചതായി കുടുംബം ആരോപിക്കുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് വാശിപിടിച്ചപ്പോഴാണ് മരിച്ച വിവരം പുറത്തറിയിച്ചത്.
വാർത്തയറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് നേരെ ആക്രമണം നടത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ ജില്ലാ ഭരണകൂടം മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ആശുപത്രി അധികൃതർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.



