തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ സ്മരണയ്ക്കായി ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈക്യൂ തിയേറ്ററിൽ നടന്ന ‘വാൽക്കണ്ണെഴുതിയ മകരനിലാവ്’ ശ്രദ്ധാഞ്ജലി സംഗീത സാന്ദ്രമായി (S P Venkatesh Remembrance). തിങ്കളാഴ്ച നടന്ന ചടങ്ങ് കെ. ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
എസ്.പി. വെങ്കിടേഷിന്റെ സംഗീതം താളബോധത്തിൽ നിന്നും ചിറകടിച്ചുയർന്ന ഒന്നാണെന്ന് കെ. ജയകുമാർ അനുസ്മരിച്ചു. 90-കളിൽ മലയാള സിനിമയിലെ സുവർണ്ണകാലം തീർത്ത അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും മലയാളി ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
ചടങ്ങിന്റെ ഭാഗമായി നടന്ന അഞ്ച് മണിക്കൂർ നീണ്ട സംഗീതാർച്ചന കാണികളെ ആവേശത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങൾ ഗായകർ വേദിയിൽ പുനരാവിഷ്കരിച്ചു.
വയലാർ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ. ജി. രാജ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ സ്വാഗതം പറഞ്ഞു. പണ്ഡിറ്റ് രമേശ് നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.
പിന്നണി ഗായിക ഡോ. ബി. അരുന്ധതി, വൈക്കം വേണുഗോപാൽ, രവിശങ്കർ, സരിത രാജീവ് തുടങ്ങി സംഗീത സാംസ്കാരിക രംഗത്തെ നിരവധിയായ പ്രമുഖർ എസ്.പി. വെങ്കിടേഷിന്റെ സംഗീത സംഭാവനകളെ കുറിച്ച് സംസാരിച്ചു.



