ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർക്കാൻ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ൽ കരുത്തായ ഫ്രഞ്ച് നിർമ്മിത സ്കാൽപ് ക്രൂസ് മിസൈലുകൾ വൻതോതിൽ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഫ്രാൻസുമായി ഏകദേശം 3200 കോടി രൂപയുടെ പ്രതിരോധ കരാറിനാണ് ഇന്ത്യ കളമൊരുക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം പരിഗണിച്ച് പ്രതിരോധ മന്ത്രാലയം ചർച്ചകൾ വേഗത്തിലാക്കി.(India to strengthen its defense sector, Negotiations for Rs 3200 crore Scalp missile deal in final stages)
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ മുരിദ്കെ, ബഹാവൽപൂർ എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ കേന്ദ്രങ്ങൾ തകർക്കാനാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. റാഫേൽ യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തുവിട്ട സ്കാൽപ്, ബ്രഹ്മോസ് മിസൈലുകൾ അതീവ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങൾ തകർത്തു.
പാകിസ്ഥാൻ വ്യോമസേനയുടെ 12 താവളങ്ങൾ തകർക്കാനും നിരവധി യുദ്ധവിമാനങ്ങളും ചാരവിമാനങ്ങളും നശിപ്പിക്കാനും ഈ മിസൈലുകൾക്ക് സാധിച്ചു. 250 മുതൽ 500 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകളാണിവ.
ഭാവിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ വ്യോമസേനയെയും നാവികസേനയെയും കൂടുതൽ സജ്ജമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ളതിന് പുറമെ 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു. അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയുടെ കൈവശം ഏകദേശം 200 റാഫേൽ വിമാനങ്ങൾ ഉണ്ടാകും.



