ഹോങ്കോങ്: വെറുമൊരു മാധ്യമ വ്യവസായി എന്നതിലുപരി, ഹോങ്കോങ്ങിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി പൊരുതിയ ഏറ്റവും കരുത്തുറ്റ ശബ്ദമായിരുന്നു ജിമ്മി ലായ് (Jimmy Lai). ചൈനയുടെ കടുത്ത വിമർശകനായിരുന്ന അദ്ദേഹം, തന്റെ പത്രമായ ‘ആപ്പിൾ ഡെയ്‌ലി’ (Apple Daily) വഴി ഹോങ്കോങ്ങിലെ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. 12-ാം വയസ്സിൽ ചൈനയിൽ നിന്ന് ദരിദ്രനായി ഹോങ്കോങ്ങിലെത്തിയ അദ്ദേഹം കഠിനാധ്വാനത്തിലൂടെ വസ്ത്രവ്യാപാര രംഗത്തും മാധ്യമ രംഗത്തും വലിയ സാമ്രാജ്യം കെട്ടിപ്പടുത്തു. എന്നാൽ, 2019-ലെ ചരിത്രപ്രധാനമായ ജനാധിപത്യ പ്രക്ഷോഭങ്ങളെ പിന്തുണച്ചതോടെയാണ് അദ്ദേഹം ചൈനയുടെ കണ്ണിലെ കരടായത്. ഇതിന്റെ പ്രതികാരമെന്നോണം 2020-ൽ ചൈന അടിച്ചേൽപ്പിച്ച ‘ദേശീയ സുരക്ഷാ നിയമം’ ഉപയോഗിച്ചാണ് ഇപ്പോൾ അദ്ദേഹത്തിന് 20 വർഷത്തെ കഠിനതടവ് വിധിച്ചിരിക്കുന്നത്.
വിദേശ രാജ്യങ്ങളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും രാജ്യവിരുദ്ധമായി വാർത്തകൾ പ്രസിദ്ധീകരിച്ചെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ലായിയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ പത്രമായ ആപ്പിൾ ഡെയ്‌ലി ചൈന നിർബന്ധപൂർവ്വം അടച്ചുപൂട്ടിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏകാധിപത്യത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ സംസാരിച്ചിരുന്ന ലായ്, തന്നെ വധിക്കാനുള്ള ശ്രമങ്ങളെയും ജയിൽ ശിക്ഷയെയും ഭയപ്പെട്ടിരുന്നില്ല. “സ്വാതന്ത്ര്യത്തിന് നൽകേണ്ട വിലയാണിതെങ്കിൽ ഞാനതിന് തയ്യാറാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 78-ാം വയസ്സിൽ ലഭിച്ചിരിക്കുന്ന ഈ ശിക്ഷ അദ്ദേഹത്തിന്റെ ശിഷ്ടകാലം മുഴുവൻ ജയിലിൽ തന്നെയാക്കുമെന്ന് ഉറപ്പാണ്. ഇത് ഹോങ്കോങ്ങിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസാനമാണെന്ന് ലോകരാജ്യങ്ങൾ അപലപിക്കുന്നു.
Summary: Jimmy Lai, a self-made billionaire and founder of the pro-democracy newspaper Apple Daily, has been sentenced to 20 years in prison for opposing the Chinese government. Rising from a poor immigrant to a media tycoon, he became the face of Hong Kong’s struggle for freedom, but his unwavering support for democratic protests led to his arrest and the eventual shutdown of his media empire.



