വാഷിംഗ്ടൺ: നയതന്ത്ര ചർച്ചകൾ മസ്കറ്റിൽ തുടരുന്നതിനിടെ, ഇറാന്റെ ഇന്ധനക്കടത്ത് ശൃംഖലയെ ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. രണ്ട് വ്യക്തികൾ, 15 കമ്പനികൾ, 14 കപ്പലുകൾ എന്നിവയ്ക്കുമേലാണ് അമേരിക്കൻ ട്രഷറി വിഭാഗം ഉപരോധം ചുമത്തിയത്. ഇറാന് വേണ്ടി അനധികൃതമായി ഇന്ധനക്കടത്ത് നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.(America’s decisive move against Iran during talks, Sanctions on individuals, companies, and ships)
നയതന്ത്ര മേശയിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി സൈനികമായ നീക്കങ്ങളും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ദൃശ്യങ്ങൾ പ്രകാരം, വിമാനവാഹിനി കപ്പലായ ഏബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള പടക്കപ്പൽ വ്യൂഹവും പോർവിമാനങ്ങളും സംയുക്തമായി നീങ്ങുകയാണ്. ഇതിന് മറുപടിയെന്നോണം ഇറാൻ തങ്ങളുടെ 40 അതിവേഗ ബോട്ടുകൾ ഹോർമുസ് കടലിടുക്കിൽ വിന്യസിച്ചതായി ഐ.ആർ.ജി.സിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരിടവേളയ്ക്ക് ശേഷം ഇറാനും അമേരിക്കയും നേരിട്ട് നടത്തുന്ന ചർച്ചകളുടെ ആദ്യ ദിനം കഴിഞ്ഞ ദിവസം മസ്കറ്റിൽ പൂർത്തിയായി. അമേരിക്കയുമായുള്ള ചർച്ചകൾ പോസിറ്റീവാണെന്നും ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ധാരണയിലെത്താൻ കഴിയുമെന്നും ഇറാൻ പ്രതിനിധികൾ വ്യക്തമാക്കി. രാജ്യതാൽപ്പര്യം സംരക്ഷിച്ചുള്ള കരാറിന് മാത്രമേ തയ്യാറാവൂ എന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കിയിരുന്നു.



