ലഖ്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം ചുണ്ടുകൾ അറുത്തുമാറ്റി പ്ലസ്ടു വിദ്യാർത്ഥി (Mainpuri Teacher Attack). ആഗ്ര റോഡിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്ക് നേരെ ജനുവരി 26-നാണ് ഈ അരുംകൊല നടന്നത്. ഗുരുതരമായി പരിക്കേറ്റ അധ്യാപിക ആശുപത്രിയിൽ ചികിത്സയിലാണ്.
അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഇവരെ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സ്കൂളിൽ നടന്ന പി.ടി.എ മീറ്റിംഗിൽ അധ്യാപിക വിദ്യാർത്ഥിയുടെ അമ്മയോട് പരാതിപ്പെട്ടിരുന്നു. വിദ്യാർത്ഥിയുടെ ശല്യം സഹിക്കവയ്യാതെ അധ്യാപിക ആ സ്കൂളിലെ ജോലി രാജിവെക്കുകയും മറ്റൊരിടത്ത് ചേരുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥി അധ്യാപികയുടെ പുതിയ ജോലിസ്ഥലം കണ്ടെത്തുകയും അവിടെയും പിന്തുടർന്ന് ശല്യം ചെയ്യുന്നത് തുടരുകയും ചെയ്തു.
ജനുവരി 26-ന് ജോലിക്ക് പോകുന്ന വഴിയിൽ വെച്ച് അധ്യാപികയെ തടഞ്ഞുനിർത്തിയ വിദ്യാർത്ഥി, കൈയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് രണ്ട് ചുണ്ടുകളും അറുത്തുമാറ്റുകയായിരുന്നു. ക്രൂരകൃത്യത്തിന് ശേഷം വിദ്യാർത്ഥി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
അധ്യാപികയുടെ സഹോദരൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ഒളിവിലുള്ള വിദ്യാർത്ഥിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി മെയിൻപുരി പോലീസ് അറിയിച്ചു. വിദ്യാർത്ഥിക്ക് പ്രായപൂർത്തിയായതാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.



