കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും രംഗത്തെത്തി. പാർട്ടിയിലെ അഹങ്കാരവും താഴെത്തട്ടിലുള്ള ബന്ധമില്ലായ്മയുമാണ് തോൽവിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ സംവിധായകൻ രാജ് ചക്രവർത്തി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. 2021-ൽ എംഎൽഎയായ തന്റെ രാഷ്ട്രീയ അധ്യായം 2026-ഓടെ അവസാനിച്ചുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.(Raj Chakraborty Quits Politics As TMC Leadership Faces Backlash After Election Defeat)
പാർട്ടി മമതാ ബാനർജിയെന്നും അഭിഷേക് ബാനർജിയെന്നും രണ്ട് തട്ടിലായതാണ് പരാജയത്തിന് കാരണമെന്ന് മുൻ മന്ത്രി രവീന്ദ്രനാഥ് ഘോഷ് ആരോപിച്ചു. അഭിഷേക് ബാനർജിയുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നതിനാൽ മമതയ്ക്ക് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺട്രാക്ടർമാരിൽ നിന്നും ബിസിനസ്സുകാരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് പണം പിരിക്കാൻ അഭിഷേക് സമ്മർദ്ദം ചെലുത്തിയതായി ഹൗറ മുൻ മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ ഡോ. സുജോയ് ചക്രവർത്തിയും ആരോപിച്ചു. അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.
ഐപാക്കിന്റെ കടന്നുകയറ്റമാണ് തോൽവിക്ക് കാരണമെന്ന് ബീർഭൂമിലെ മുൻ എംഎൽഎ വികാസ് റോയ് ചൗധരി പറഞ്ഞു. ബംഗാളിന് പുറത്തുനിന്നുള്ള ആൺകുട്ടികൾ തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വന്നത് തിരിച്ചടിയായെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഉണ്ടായ ഈ പൊട്ടിത്തെറി മമതാ ബാനർജിക്കും നേതൃത്വത്തിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Story Summary
Filmmaker and former MLA Raj Chakraborty quit politics following TMC’s poll debacle in West Bengal. Several senior leaders and former ministers openly attacked the leadership, specifically targeting Abhishek Banerjee and political consultants I-PAC for the party’s internal crisis and disconnect with voters.

