

ബൈബിളിൽ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ക്രിസ്തുമസ്സിന് സംബന്ധിച്ച സൂചനയൊന്നും നല്‍കുന്നുമില്ല. അതായത് ഡിസംബർ 25 നാണ് ഉണ്ണിയേശുവിൻ്റെ ജനനമെന്ന് പറയുന്നില്ല. ക്രിസ്തുവിൻ്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ് ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാ കഥകൾക്കും ആധാരം.
കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ് റോമാ ചക്രവർത്തി അഗസ്റ്റസിൻ്റെ സ്ഥിതിവിവരക്കണക്കെടുപ്പ് തുടങ്ങിയത്. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ് പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തൻ്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു കാലിത്തൊഴുത്തിൽ യേശുക്രിസ്തു പിറന്നു. ലൂക്കായുടെ സുവിശേഷ പ്രകാരം ക്രിസ്തുവിൻ്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്, യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിൻ്റെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നു തെളിയിക്കാനാണ് സുവിശേഷകൻ ശ്രമിക്കുന്നത്.
ക്രിസ്തുവിൻ്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണുവാൻ സാധിക്കും. ലൂക്കയുടെ സുവിശേഷത്തിൽ നിന്നും വ്യത്യസ്തമായി ക്രിസ്തുവിൻ്റെ ജനനം മുൻകൂട്ടിയറിഞ്ഞ് നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തിയ വിദ്വാന്മാരെ കുറിച്ച് മത്തായിയുടെ സുവിശേഷത്തിൽ പരാമർശിക്കുന്നുണ്ട്.
യേശുവിൻ്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ് ഈ വിവരണങ്ങൾ കൊണ്ട് ഉദ്ധേശിക്കുന്നത്. ക്രിസ്തുവിൻ്റെ ജനനമറിഞ്ഞ് ദൂരദേശത്തു നിന്നെത്തിയവർ ചില കഥകളിൽ രാജാക്കന്മാരാണ് (പൂജരാജാക്കന്മാർ). പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ് വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി വിദ്വാന്മാര്‍ വന്നത് അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്.
ഏതായാലും ഈ രണ്ടു സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളാണ് ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് പരമ്പരാഗതമായി നിലനിൽക്കുന്നത്. ക്രിസ്തുമസ് നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കുകൾ കൊണ്ട് വീടുകൾ അലങ്കരിക്കുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങൾ ഈ കഥകളിൽനിന്നും രൂപമെടുത്തവയാണ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസമാണ് ക്രിസ്മസ്സിന് പുല്‍ക്കൂട് സൂചിപ്പിക്കുന്നത്. നക്ഷത്രവിളക്ക് ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിൻ്റെ പ്രതീകമായി കണക്കാക്കുന്നു.