

സാഹോദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും അനുകമ്പയുടെയും സന്ദേശം ഉണർത്തുന്ന വിശുദ്ധ ദിനം, ക്രിസ്തുമസ്. ദൈവ പുത്രനായ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കലാണ് ഓരോ ക്രിസ്തുമസ് ദിനവും. ശാന്തിയുടെയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുൽക്കൂടുകൾ ഒരുക്കിയും, നക്ഷത്രങ്ങളും ദീപങ്ങളും കൊണ്ട് അലങ്കരിച്ച് ക്രിസ്തുമസ്സിനെ വരവേൽക്കുന്നു. ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് (Christmas) ആയി കണക്കാക്കുന്നത്.
എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാൽ ഇന്ന് സർവ്വ ലോകരും ഒരു മതവിഭാഗത്തിൻ്റെ പ്രത്യേക ആഘോഷം എന്നതിൽ ഉപരി ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറി കഴിഞ്ഞു. പരസ്പരം സമ്മാനങ്ങൾ കൈമാറിയും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരം കൂടിയാണ് ക്രിസ്തുമസ്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്.
മഞ്ഞിൻ്റെ കുളിർമയിൽ നക്ഷത്രങ്ങളുടെ ശോഭയിൽ പാതിരാകുറുബാനയുടെ വിശുദ്ധിയിൽ ക്രിസ്തുമസ് രാവിൻ്റെ ശോഭ അങ്ങനെ നിറഞ്ഞുനിൽക്കുന്നു. ലോകത്തിൻ്റെ പാപം സ്വന്തം മാറിലേറ്റുവാൻ ദൈവ പുത്രൻ പിറന്ന രാവ് ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും പ്രത്യാശയുടെയും ഉത്സവമായി ക്രിസ്തുമസ് ആഘോഷിക്കപ്പെടുന്നു. ആത്മാവിനും ശരീരത്തിനും ഒരുപോലെ നിറം പകരുന്നു ക്രിസ്തുമസ്. ക്രിസ്തുവിന്‍റെ കുര്‍ബാന എന്ന് അര്‍ഥം വരുന്ന 'ക്രിസ്റ്റസ്', 'മാസെ' എന്നീ രണ്ട് പദങ്ങളില്‍നിന്നാണ് ക്രിസ്തുമസ് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്.