'ഇന്ത്യ-പാക് ആണവയുദ്ധം തടഞ്ഞത് താരിഫ് ഭീഷണി': മദ്ധ്യസ്ഥതാ വാദം വീണ്ടും ആവർത്തിച്ച് ഡോണൾഡ് ട്രംപ്; ഇടപെടൽ നിഷേധിച്ച് ഇന്ത്യ | Donald Trump

 trump
Published on

വാഷിംഗ്ടൺ ഡിസി: ഇന്ത്യ- പാക് സംഘർഷം താൻ കാരണമാണ് ഒഴിവായത് എന്ന പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2025 മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനും ഒരു ആണവയുദ്ധം ഒഴിവാക്കാനും താന്‍ തീരുവകളും വ്യാപാര ഭീഷണികളും ഉപയോഗിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. താന്‍ ഇടപെട്ടില്ലെങ്കില്‍ യുഎസുമായുള്ള വ്യാപാര ബന്ധം ഇരു രാജ്യങ്ങള്‍ക്കും നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്ന് ട്രംപ് അവകാശപ്പെട്ടു. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ വാദങ്ങൾ വീണ്ടും ഉന്നയിച്ചത്. (Donald Trump)

"അത് ഇന്ത്യയിലും പാകിസ്ഥാനിലും ഫലിച്ചു. ഈ രാജ്യങ്ങളിൽ 60 ശതമാനത്തിലും ഇത് പ്രവർത്തിച്ചു. താരിഫുകളും വ്യാപാരവും ഇല്ലായിരുന്നെങ്കിൽ എനിക്ക് ഈ കരാറുകൾ ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യ ഞങ്ങളുമായി ധാരാളം ബിസിനസ്സ് ചെയ്യുന്നുണ്ട്. അവർ യുദ്ധത്തിന് പോകുകയായിരുന്നു... ഒരു ആണവയുദ്ധത്തിലേക്ക്. നിങ്ങൾ വേഗം ഒരു ഉടമ്പടിയിൽ എത്തിയില്ലെങ്കിൽ, നിങ്ങൾ യുഎസുമായി ഒരു ബിസിനസ്സും ചെയ്യില്ലെന്ന് ഞാൻ ഇരു രാജ്യങ്ങളോടും പറഞ്ഞു. അവർ അത് അംഗീകരിച്ച് യുദ്ധം അവസാനിപ്പിച്ചു" - ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പകരമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിനെത്തുടർന്ന് 2025 മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെക്കുറിച്ചായിരുന്നു ട്രംപിന്റെ പരാമർശം. കംബോഡിയ-തായ്‌ലൻഡ്, കൊസോവോ-സെർബിയ, കോംഗോ-റുവാണ്ട, ഇസ്രായേൽ-ഹമാസ് എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര തർക്കങ്ങൾ തന്റെ സാമ്പത്തിക സമ്മർദ്ദത്തിലൂടെ പരിഹരിച്ചതായും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ ട്രംപിന്റെ ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളുകയായിരുന്നു ഇന്ത്യ. ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെയാണ് വെടിനിർത്തൽ കരാറിലെത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കി. ഈ ഘട്ടത്തിൽ, ജമ്മു കശ്മീർ ഉൾപ്പെടെ പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി തലത്തിൽ മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ എന്ന ദീർഘകാല നിലപാട് ഇന്ത്യ ആവർത്തിച്ചു.

Summary: US President Donald Trump reiterated his claim that he averted a "nuclear war" between India and Pakistan during the May 2025 escalation, asserting that he used the threat of tariffs and cutting off US trade access to force them to de-escalate.

Related Stories

No stories found.
Times Kerala
timeskerala.com