ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി, താൻ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് താമസം മാറുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ന്യൂയോർക്ക് നഗരത്തിലെ മിക്ക മേയർമാരും ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്കാണ് അദ്ദേഹം കുടുംബത്തോടൊപ്പം മാറുന്നത്.(Zohran Mamdani moves into official residence)
കുടുംബത്തിന്റെ സുരക്ഷയും മേയർ എന്ന നിലയിൽ തൻ്റെ മുൻഗണനകളും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മംദാനി പ്രതികരിച്ചു. ആസ്റ്റോറിയയിലെ അയൽവാസികൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം താമസം മാറാനുള്ള പ്രഖ്യാപനം നടത്തിയത്. ന്യൂയോർക്ക് നഗരത്തിലെ പാർപ്പിട നയമായിരുന്നു മംദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദു. വാടകവീട്ടിൽ താമസിച്ചുകൊണ്ട്, നഗരത്തിലെ വാടക വർധനവ് ഇല്ലാതാക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു.
ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി. മേയർ വാടകവീട്ടിൽ താമസിക്കുന്നതിനെ മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ ഉൾപ്പെടെ പലരും വിമർശിച്ചിരുന്നു. ഇതോടെയാണ് മംദാനിയുടെ വാടകവീട് പ്രചാരണ രംഗത്ത് സജീവ ചർച്ചയായത്.
ജനുവരി 1-ന് മംദാനിയും കുടുംബവും ഗ്രേസി മാൻഷനിലേക്ക് താമസം മാറും. 1799-ൽ നിർമ്മിച്ചതാണ് ഈ ചരിത്രപരമായ കെട്ടിടം. വാടകയിലെ വ്യത്യാസം: ന്യൂയോർക്ക് നഗരത്തിലെ സിംഗിൾ ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിന് ശരാശരി 3,500 ഡോളറാണ് വാടകയെങ്കിലും, മംദാനി താൻ താമസിച്ചിരുന്ന ഫ്ലാറ്റിന് 2,300 ഡോളറാണ് നൽകിയിരുന്നത്.