ന്യൂയോർക്ക്: ഇന്ത്യൻ വംശജനും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് 33-കാരനായ മംദാനിയുടെ ചരിത്ര വിജയം.(Zohran Mamdani makes history as New York mayor)
മംദാനി ന്യൂയോർക്ക് നഗരത്തിന്റെ ആദ്യത്തെ മുസ്ലീം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാകും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചു.
1969-ന് ശേഷം ഏറ്റവും അധികം പോൾ ചെയ്യപ്പെട്ട ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. 2 മില്യൺ വോട്ടുകൾ പോൾ ചെയ്തതായി ന്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ് അറിയിച്ചു.
ഇന്ത്യൻ വംശജയായ സംവിധായിക മീരാ നായരുടെ മകനാണ് സൊഹ്‌റാൻ മംദാനി. 2018-ലാണ് മംദാനിക്ക് അമേരിക്കൻ പൗരത്വം ലഭിച്ചത്. ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് പാത്രമായ വ്യക്തിയാണ് മംദാനി. ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് മംദാനി നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
ഈ പ്രസ്താവനയെ തുടർന്ന്, മംദാനിക്ക് വോട്ട് ചെയ്ത ജൂത വംശജർ "പമ്പര വിഡ്ഢികൾ" ആണെന്ന് ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു. വംശീയവും രാഷ്ട്രീയപരവുമായ നിരവധി വെല്ലുവിളികൾക്കിടയിലാണ് ഇന്ത്യൻ വംശജനായ ഈ യുവനേതാവ് ന്യൂയോർക്കിന്റെ നേതൃനിരയിലേക്ക് എത്തുന്നത്.