
കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് ശക്തമാകുന്നു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 347 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെച്ചു.തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങളാണ് സർക്കാർ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.കാഠ്മണ്ഡു, പൊഖാറ, ബുടാവല്‍, ഭൈരഹവ, ഭരത്പൂര്‍, ഇറ്റഹരി, ദാമക് തുടങ്ങിയയിടങ്ങളിലാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.
ഉച്ചകഴിഞ്ഞ് 3:30 മുതല്‍ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും, തലസ്ഥാന നഗരിയിലെ പ്രതിഷേധങ്ങള്‍ തുടരുന്നുണ്ട്. കാഠ്മണ്ഡുവില്‍ മാത്രം വിവിധ ആശുപത്രികളിലായി കുറഞ്ഞത് 17 പേരുടെ മരണം സ്ഥിരികരിച്ചിട്ടുണ്ട്. പരിക്കേറ്റ 347 പേരില്‍ നിരവധി ആളുകള്‍ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു.
അക്രമാസക്തരായ പ്രതിക്ഷധക്കാര്‍ പാര്‍ലമെന്റ് ഗേറ്റ് തകര്‍ത്തു. പ്രതിഷേധക്കാർ പാർലമെൻ്റിൻ്റെ ഉള്ളിലേയ്ക്ക് ബലപ്രയോഗത്തിലൂടെ കടക്കാൻ ശ്രമിച്ചത് സ്ഥിതിഗതികൾ സ്ഫോടനാത്മകമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വീടിന് സൈന്യം സുരക്ഷ വര്‍ധിപ്പിച്ചു.