ധാക്ക: ഇങ്ക്വിലാബ് മഞ്ച് നേതാവും വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുൻനിര പോരാളിയുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും വ്യാപക അക്രമം. പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി കൂടിയായ ഹാദി വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. മരണവാർത്ത പുറത്തുവന്നതോടെ തലസ്ഥാനമായ ധാക്ക ഉൾപ്പെടെയുള്ള നഗരങ്ങൾ പ്രതിഷേധക്കാർ കൈയടക്കി.(Youth leader killed, Violence erupts again in Bangladesh)
കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖംമൂടി ധരിച്ചെത്തിയ സംഘം ഹാദിയുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സിംഗപ്പൂരിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാദിയുടെ മരണം സ്ഥിരീകരിച്ചതോടെ, കൊലയാളികളെ പിടികൂടാൻ പോലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ആയിരക്കണക്കിന് പ്രക്ഷോഭക്കാർ തെരുവിലിറങ്ങി.
പ്രതിഷേധം അക്രമാസക്തമായതോടെ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നു. പ്രോഥം അലോ, ദി ഡെയ്‌ലി സ്റ്റാർ തുടങ്ങിയ പ്രമുഖ പത്രങ്ങളുടെ ധാക്കയിലെ ഓഫീസുകൾ ജനക്കൂട്ടം തല്ലിത്തകർക്കുകയും തീയിടുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ നിരവധി മാധ്യമപ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പലർക്കും മർദ്ദനമേറ്റതായും റിപ്പോർട്ടുകളുണ്ട്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ നയിച്ച വിദ്യാർഥി പ്രക്ഷോഭത്തിലെ പ്രധാന മുഖമായിരുന്നു ഷെരീഫ് ഉസ്മാൻ ഹാദി. ഹസീന സർക്കാർ വീണതിനുശേഷം രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ ഈ കൊലപാതകം ബംഗ്ലാദേശിനെ വീണ്ടും അനിശ്ചിതത്വത്തിലേക്കും സംഘർഷത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്.