ഫ്‌ളോറിഡ: വിഖ്യാത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ (71) അന്തരിച്ചു.ഫ്ലോറിഡയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു. ഹൾക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണിൽ ഹൾക്കിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ഹൾക്ക് കോമയിലാണെന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നു. ഭാര്യ സ്കൈ ഇക്കാര്യം നിഷേധിച്ച് ദിവസങ്ങൾക്കുള്ളിലാണ് വിയോഗം.
WWFനെ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച താരമാണ് ഹൾക്ക്. നിരവധി സിനിമകളുടെയും ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ഡോക്ടർമാർ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഓടിയെത്തി, ക്ലിയർവാട്ടറിലെ വസതിയിൽ നിന്ന് ആംബുലൻസിൽ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നത് കണ്ടുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1983ലായിരുന്നു ആദ്യ വിവാഹം. ലിൻഡ ഹോഗനാണ് ആദ്യ ഭാര്യ. ബ്രൂക്ക്, നിക്ക് എന്നീ രണ്ടു മക്കളുണ്ട്. 2009ൽ ലിൻഡയുമായി വിവാഹമോചനം നേടി. പിന്നാലെ 2010 ജെന്നിഫർ മക്ഡാനിയേലിനെ വിവാഹം ചെയ്തു. ഒരു വർഷത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. 2023ൽ ഹോഗൻ വീണ്ടും വിവാഹിതനായി. സ്കൈ ഡെയ്‌ലിയെയാണ് വിവാഹം ചെയ്തത്.
ഗുസ്തിക്കപ്പുറം, ഹൊഗൻ സിനിമകളിലേക്കും, ടെലിവിഷനിലേക്കും, റിയാലിറ്റി ഷോയിലും ഭാഗമായി. സബർബൻ കമാൻഡോ, മിസ്റ്റർ നാനി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു, കൂടാതെ ഹൊഗൻ നോസ് ബെസ്റ്റ് എന്ന ജനപ്രിയ റിയാലിറ്റി പരമ്പരയും അദ്ദേഹം ഭാഗമായി.