യുവാൻഡേ: വ്യാപകമായ അക്രമങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ പോൾ ബിയ കാമറൂണിൽ അധികാരം നിലനിർത്തി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവനായ 92-കാരനായ പോൾ ബിയ, 53.7 ശതമാനം വോട്ടുകൾ നേടിയാണ് എട്ടാം തവണയും വിജയമുറപ്പിച്ചത്.(World's oldest president, Paul Biya, wins Cameroon election at 92)
പ്രതിപക്ഷ നേതാവും പ്രധാന എതിരാളിയുമായ ഇസ്സ ചിറോമ ബക്കാരിക്ക് 35.2 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. ഒക്ടോബർ 12-ന് നടന്ന വോട്ടെടുപ്പിന് ശേഷം ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇസ്സ ചിറോമ ബക്കാരി താൻ വിജയിച്ചതായി അവകാശപ്പെട്ടിരുന്നുവെങ്കിലും ഭരണകക്ഷിയായ കാമറൂൺ പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഈ വാദം തള്ളിക്കളഞ്ഞു.
പോൾ ബിയയുടെ വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായി. പ്രതിപക്ഷ നേതാവിന്റെ അനുയായികൾ പ്രതിഷേധിക്കുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു. തിങ്കളാഴ്ചയും തുടർന്ന ഈ പ്രതിഷേധത്തിനിടെ, ഞായറാഴ്ച കാമറൂണിന്റെ സാമ്പത്തിക തലസ്ഥാനമായ ഡുവാലയിൽ നടന്ന പ്രകടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച പത്തിലേറെ ഹർജികളാണ് ഭരണഘടനാ കൗൺസിൽ തള്ളിയത്. മുൻ പ്രധാനമന്ത്രി ബെല്ലോ ബൗബ മൈഗാരി ഉൾപ്പെടെ ആകെ 10 സ്ഥാനാർത്ഥികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഈ തിരഞ്ഞെടുപ്പിൽ 58 ശതമാനം ആയിരുന്നു പോളിംഗ്. അഴിമതി വ്യാപകമാണെന്നും സമ്പദ് വ്യവസ്ഥ തകർന്ന നിലയിലാണെന്നുമാണ് കാമറൂണിലെ ജനങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
വിജയത്തിന് ശേഷം പോൾ ബിയ പ്രതികരിച്ചത്, സമാധാനപരവും ഐക്യമുള്ളതും സമൃദ്ധവുമായ കാമറൂൺ കെട്ടിപ്പടുക്കാൻ ഒരുമിച്ച് സാധിക്കുമെന്നും വീണ്ടും തന്നെ വിശ്വസിച്ചതിന് നന്ദിയുണ്ടെന്നുമാണ്.