
കടലും മലയും കടന്ന് തലചായ്ക്കുവാൻ ഒരിടം തേടി അലയുന്ന മനുഷ്യർ. തന്റേത് എന്ന് പറയുവാൻ ഒരുപിടി മണ്ണോ, പാർപ്പിടമോ എന്തിനേറെ പറയുന്നു ഒരു രാജ്യമോ ഇല്ലാത്ത മനുഷ്യർ. അവർ അഭയാര്‍ത്ഥികൾ. സ്വന്തം രാജ്യം വിട്ട് പലായനം ചെയ്യാൻ നിർബന്ധിതനായ മനുഷ്യജന്മങ്ങളാണ് അഭയാർത്ഥികൾ. കണ്ണീരിന്റെ കഥകൾ മാത്രം വിങ്ങുന്ന അഭയാര്‍ത്ഥി ക്യാമ്പുകൾ. കണ്ണീരിന്റെയും വിലാപങ്ങളുടെയും മറ്റൊരു ഓർമ്മപ്പെടുത്തൽ, ഇന്ന് ലോക അഭയാർത്ഥി ദിനം (World Refugee Day).
2015 സെപ്റ്റംബർ 2 മനുഷ്യമനഃസാക്ഷിക്ക് മറക്കാൻ ആകുമോ? കടലും കരഞ്ഞു പോയ ദിനം. തുർക്കിയിലെ ബ്രോഡം തീരത്ത് ചേതനയറ്റ കുഞ്ഞ് അലൻ കുർദിയുടെ ശരീരം. ചുവന്ന ബനിയനും നീല പാന്റും, കടൽ തീരത്ത് മണിൽ പുതഞ്ഞ അലന്റെ ചിത്രം പത്ത് വർഷങ്ങ്ൾക്ക് ഇപ്പുറവും നെഞ്ചിലെ നീറ്റലായി തുടരുന്നു. ഇനി എത്രകണ്ട് കാലം മാറിയാലും മറക്കാൻ ആകില്ല ആ കുഞ്ഞിനെ.
അഭയാര്‍ത്ഥി എന്നത് ആധുനിക ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിസന്ധികളിൽ ഒന്നാണ്. അഭയാര്‍ത്ഥികള്‍ ഏറ്റുവാങ്ങുന്ന പീഢനങ്ങളും കഷ്ടപ്പാടുകളും കണ്ണ് തുറന്നു കാണുവാനും അവയ്ക്ക് ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുവാനും വേണ്ടിയാണ് എല്ലാ വർഷവും ജൂൺ 20, ലോക അഭയാര്‍ത്ഥി ദിനാമായി ആചരിക്കുന്നത്. ലോകമാകമാനമുള്ള അഭയാര്‍ത്ഥികളുടെ ദുസ്ഥിതിയിന്മേലുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് 2001 മുതല്‍ ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കുവാൻ ആരംഭിച്ചത്. തുടർന്ന്, ചരിത്രത്തിലാദ്യമായി 2001 ജൂൺ 20-ന് ലോക അഭയാർത്ഥി ദിനം ആചരിച്ചു. അതേ വർഷം തന്നെ, അഭയാർത്ഥികളുടെ സംരക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്ത 1951-ലെ അഭയാർത്ഥി കൺവെൻഷന്റെ (Refugee Convention) 50-ാം വാർഷികവും ആഘോഷിക്കുകയുണ്ടായി.
ആരാണ് അഭയാർത്ഥി ?
പീഡനം, യുദ്ധം അല്ലെങ്കിൽ അക്രമം എന്നിവ കാരണം സ്വന്തം രാജ്യം വിട്ട് പലായനം ചെയ്യാൻ നിർബന്ധിതനായ വ്യക്തിയാണ് അഭയാർത്ഥി. സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയുന്ന അഭയാർത്ഥികൾ തിരികേ മടങ്ങിയെത്താറില്ല. ഇതിന് പ്രധാന കാരണം ഭയമാണ്. സ്വന്തം ദേശത്ത് തിരിക്കെയെത്തിയാൽ പിന്നെയും ജീവിതം ദുസ്സഹമാകുമോ എന്ന ഭയമാണ് ആ മനുഷ്യർക്ക്. 2024 മെയ് മാസത്തോടെ, ആഭ്യന്തര കലാപങ്ങൾ, സംഘർഷങ്ങൾ, അക്രമം അല്ലെങ്കിൽ മനുഷ്യാവകാശ ലംഘനങ്ങൾ കാരണം 120 ദശലക്ഷത്തിലധികം മനുഷ്യർ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു. ഇവരിൽ 43.4 ദശലക്ഷത്തോളം മനുഷ്യർ അഭയാര്‍ത്ഥികളാണ്, അതായത് സ്വന്തം രാജ്യങ്ങളിൽ നിന്നും പലായനം ചെയേണ്ടി വന്നവർ. 63.3 ദശലക്ഷം സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ത്ഥികൾ എന്നവണ്ണം ജീവിക്കുന്നു. 9 ദശലക്ഷം പേർ വിവിധ രാജ്യങ്ങളിൽ അഭയം തേടുന്നവരാണ്.
ഒട്ടും ചെറുതല്ല ഈ കണക്കുകൾ. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഓരോ മിനിറ്റിലും 24 മനുഷ്യർ സ്വന്തം വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. സിറിയ, വെനിസ്വേല, അഫ്ഗാനിസ്ഥാൻ, ഉക്രെയ്ൻ, ദക്ഷിണ സുഡാൻ എന്നിവയാണ് ഏറ്റവും കൂടുതൽ അഭയാർത്ഥികളുള്ള രാജ്യങ്ങൾ. ബോബ് മാർലിയും ആൽബർട്ട് ഐൻസ്റ്റീനും അഭയാര്‍ത്ഥികളായിരുന്നു. അഭയാർത്ഥി പ്രതിസന്ധി ഒരൊറ്റ രാജ്യത്തെയോ, ഏതാനം മനുഷ്യരെയോ മാത്രം ബാധിക്കുന്ന വിഷയമല്ല. അഭയാർത്ഥി പ്രതിസന്ധി ലോകത്തെ സാരമായി ബാധിക്കുന്നു, അഭയാർത്ഥികൾക്ക് ആശ്രയം നൽകുന്ന രാജ്യങ്ങളിലും ഉത്ഭവ രാജ്യങ്ങളിലും മാനുഷിക, സാമ്പത്തിക, സാമൂഹിക വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
ഇനി അഭയാർത്ഥികൾ കലാപം ഭയന്ന് സ്വന്തം ദേശത്ത് നിന്നും പലായനം ചെയ്തു എന്നിരിക്കട്ടെ, അവരുടെ ഭാവി എന്താകും? സ്വന്തം മണ്ണിൽ പോലും അവരെ തേടിയെത്തിയ ദുരന്തങ്ങൾ അവരെ വിട്ടുമാറുമോ? ഒരിക്കലും ഇല്ല. ഒന്നിന് പിറകെ മറ്റൊന്നായി അവരെ തേടിയെത്തുന്നത് ദുരന്തങ്ങൾ മാത്രമാണ്. അഭയാർത്ഥികൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, പലപ്പോഴും അക്രമത്തിനും ചൂഷണത്തിനും വിധേയരാകുന്നു. തിങ്ങിനിറഞ്ഞ ക്യാമ്പുകളിൽ, പരിമിതമായ സുരക്ഷാ സംവിധാനങ്ങൾ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ലൈംഗിക ചൂഷണം, നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത് എന്നിവ അഭയാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളാണ്.
അഭയാർത്ഥികളുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, സ്വപ്നങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നു കടന്നു പോകുന്ന ഓരോ അഭയാർത്ഥി ദിനവും. അഭയാർത്ഥികൾക്ക് അതിജീവിക്കാൻ മാത്രമല്ല അഭിവൃദ്ധി പ്രാപിക്കാനും രാഷ്ട്രീയ ഇച്ഛാശക്തിയും അവരുടെ അവകാശങ്ങളും നേടി കൊടുക്കാൻ വേണ്ടിയാണ് അഭയാർത്ഥി ദിനം. എല്ലാ ദിവസവും അഭയാർത്ഥികളുടെ ജീവിതം സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണെങ്കിലും, സംഘർഷത്തിൽ നിന്നോ പീഡകളിൽ നിന്നോ പലായനം ചെയ്യുന്നവരുടെ ദുരവസ്ഥയിൽ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോക അഭയാർത്ഥി ദിനം പോലുള്ള അന്താരാഷ്ട്ര ദിനങ്ങൾ സഹായകമായി തിരുന്നു. ഇനി ഒരു അലൻ കുർദി കൂടി നമ്മുടെ ഭൂയിൽ പിറക്കരുത് എന്ന് ആഗ്രഹിക്കുമ്പോഴും ഒരായിരം അലൻ കുർദിമാർ ഓരോ ദിവസവും രക്തസാക്ഷികളാകുന്നു എന്ന് നാം ഓർക്കേണ്ടതാണ്.