
"നിങ്ങൾ ഒരു ഫോട്ടോ എടുക്കുന്നില്ല, നിങ്ങൾ അത് നിർമ്മിക്കുന്നു" - വിഖ്യാത ഫോട്ടോഗ്രാഫർ ആൻസൽ ആഡംസിന്റെ വാക്കുകളാണ് ഇവ. ആഡംസിന്റെ വാക്കുകൾ എത്രയോ പ്രസക്തമാണ്. ക്യാമറ ലെൻസിൽ ഒപ്പിയെടുക്കുന്നത് ചിത്രങ്ങൾ കല സൃഷ്ടിയാണ്. അവ മിഴിവോടെ പകർത്തിയെടുക്കുന്ന ഫോട്ടോഗ്രാഫമാർ കലാകാരന്മാരും.
മനുഷ്യന്റെ ഓർമ്മകളെ കാലാതീതമാക്കുന്ന കലയും ശാസ്ത്രവും ചേർന്ന അത്ഭുതമാണ് ഫോട്ടോഗ്രാഫി. (World Photography Day)
ഇന്ന് ഓഗസ്റ്റ് 19, ലോക ഫോട്ടോഗ്രാഫി ദിനം. ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാരും ഫോട്ടോഗ്രാഫി പ്രേമികൾക്കും ഏറെ പ്രധാനപ്പെട്ട ദിനമാണ് ഇന്ന്. 1837ൽ ഫ്രാൻസിലാണ് ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഉത്ഭവം. ഫ്രഞ്ച് ശാസ്ത്രജ്ഞരായ ജോസഫ് നൈസെഫോർ നിയോപ്സ് (Joseph Nicéphore Niépce) and ലൂയി ഡാഗ്വേർ (Louis Daguerre) എന്നിവർ വികസിപ്പിച്ച ഡാഗ്വേറോടൈപ്പ് പ്രക്രിയയാണ് ലോകത്തെ ആദ്യത്തെ വിജയകരമായ ഫോട്ടോഗ്രാഫിക് രീതി. 1839 ആഗസ്റ്റ് 19-ന് ഫ്രഞ്ച് സർക്കാർ ഈ കണ്ടുപിടിത്തം ലോകത്തിനായി സമർപ്പിച്ച ദിനമാണ് ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്.
ഫോട്ടോഗ്രാഫി കലയും ശാസ്ത്രവുമാണ്. മനുഷ്യൻ പണിതീർത്ത കണ്ണുകളിലൂടെ ലോകത്തെ പകർത്തിയെടുക്കുന്നു. യുദ്ധമുഖത്ത് നിന്നും പകർത്തുന്ന ചിത്രങ്ങൾ എന്നും മനുഷ്യ മനഃസാക്ഷിയിലെ വേദനയായായി തുടരുന്നു. ഓരോ വിവാഹ ചിത്രങ്ങളും ഓർമ്മകളുടെ മധുരം പകരുന്നു. വികാരം എതുതന്നെ ആയാലും ഫോട്ടോഗ്രാഫി എന്നത് ഒഴിച്ചുകുട്ടൻ കഴിയാത്ത ഒന്ന് തന്നെയാണ്. ചിലർ സ്വന്തം കണ്ണുകളിൽ നിന്നും കാണുന്നതിന് പകരം ക്യാമെറയിലുടെ കാണുവാൻ ആഗ്രഹിക്കുന്നു.
മുൻകാലത്തെ ഭീമൻ ക്യാമറകളിൽ നിന്ന് ഇന്നത്തെ സ്മാർട്ട്‌ഫോൺ ക്യാമറകളിലേക്കുള്ള ഫോട്ടോഗ്രാഫിയുടെ യാത്ര അതിശയകരമാണ്. സ്മാർട്ട്‌ഫോണിലൂടെ ഓരോ വ്യക്തിയും ഫോട്ടോഗ്രാഫറായി തീരുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത് ചിത്രങ്ങൾ ഒരു ഭാഷയായി മാറി, ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കുന്ന ശക്തിയായി ഇത്. ഈ വർഷത്തെ 2025 ലെ ലോക ഫോട്ടോഗ്രാഫി ദിന പ്രമേയം "എന്റെ പ്രിയപ്പെട്ട ഫോട്ടോ" (MY FAVORITE PHOTO) എന്നതാണ്. ഈ പ്രമേയം വ്യക്തികളെ അവർ എടുത്ത ഫോട്ടോകൾ പങ്കിടാനും അതിന് പിന്നിലെ വ്യക്തിപരമായ കഥ പങ്കിടാനും പ്രോത്സാഹിപ്പിക്കുന്നു.
9/11 ലെ റിച്ചാർഡ് ഡ്രൂവിന്റെ "ദി ഫാലിംഗ് മാൻ," ആഗോള മനസ്സാക്ഷിയെ ഞെട്ടിച്ച വിയറ്റ്നാം യുദ്ധകാലത്തെ നിക്ക് ഉട്ടിന്റെ "നാപാം ഗേൾ"; സുഡാനിലെ ക്ഷാമത്തിന്റെ പുലിറ്റ്സർ പുരസ്കാരം നേടിയതും എന്നാൽ ധാർമ്മികമായി വിവാദപരവുമായ ചിത്രമായ കെവിൻ കാർട്ടറിന്റെ "വൾച്ചർ ആൻഡ് ദി ലിറ്റിൽ ഗേൾ"- ഇവ ലോകം എന്നും ഓർക്കുന്ന പ്രസിദ്ധമായ ചിത്രങ്ങളാണ്. അലൻ കുർദ്ദിയും ഭോപ്പാലിൽ യൂണിയൻ കാർബൈഡിന്റെ രക്തസാക്ഷിയായി മണ്ണിനോട് ചേർന്ന ആ പിഞ്ചു കുഞ്ഞും എന്നും ഒറക്കപ്പെടും.