
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. രക്തത്തിലെ ബിൽറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസിന് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ്. കരൾ വീക്കം, അമിത മദ്യപാനം, പിത്തക്കുഴലിലെ കല്ല്, കരളിലെയും പാൻക്രിയാസിലെയും അർബുദം എന്നിവയും മഞ്ഞപ്പിത്തത്തിന് വഴിവയ്ക്കുന്നു. (World Hepatitis Day)
ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ 30 സെക്കൻഡിലും ഒരു ജീവൻ ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ അനുബന്ധ രോഗങ്ങൾ കാരണം ഇല്ലാതെയാകുന്നു. ഒരു വർഷം ലോകത്താകമാനം ഒമ്പത് ലക്ഷത്തോളം പേർ ഈ രോഗം കാരണം മരിക്കുന്നുവെന്നാണ് കണക്ക്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് 2030 ഓടെ നിര്‍മാര്‍ജ്ജനം ചെയ്യുക, മഞ്ഞപ്പിത്തം എന്ന രോഗത്തെ കുറിച്ചും, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു പോരുന്നത്.
ഹെപ്പറ്റൈറ്റിസ് വൈറസുകൾ നാലു തരമാണ്. എ, ബി, സി, ഇ എന്നിങ്ങനെയാണ് ഹെപ്പറ്റൈറ്റിസ് വൈറസുകൾ. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ മലിനമായ ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. എ, ഇ വിഭാഗങ്ങളില്‍ കാണുന്നത് മഞ്ഞപ്പിത്തമാണ്. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകളെ പേടിക്കേണ്ടതുണ്ട്. കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമാണ് ഇവ. കുട്ടികളിൽ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകുന്നു. ഗർഭാവസ്ഥയിൽ അമ്മയിൽ നിന്നും കുഞ്ഞിലേക്കും ഈ രോഗം പടരുന്നു.
രക്തത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് ബി. രോഗബാധയുള്ളവരുമായുള്ള ലൈംഗിക ബന്ധം, ഒരേ സൂചിയുപയോഗിച്ച് പലർക്ക് കുത്തി വയ്ക്കുക,രോഗബാധയുള്ളവരുടെ രക്തം ദാനം സ്വീകരിക്കുക, പ്രസവസമയത്ത് രോഗബാധയുള്ള അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് സാധാരണ രോഗബാധ വരുത്തുന്ന മാർഗ്ഗങ്ങൾ. ഹെപ്പറ്റൈറ്റിസ് ബി ഉണ്ടായവരിൽ കാണുന്ന ഒരു ഉപരോഗമാണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ഡി മാത്രമായി ആരിലും ഉണ്ടാകാറില്ല. പക്ഷെ ഇവ രണ്ടും ഒരുമിച്ച് വന്നു കഴിഞ്ഞാൽ ഹെപ്പറ്റൈറ്റിസ് അതീവ ഗുരുതരമായി തിരുന്നു.
ഹെപ്പറ്റൈറ്റിസ് സി വൈറസ് ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ വർഷങ്ങളോളം രോഗലക്ഷങ്ങൾ യാതൊന്നു പ്രകടിപ്പിക്കില്ല. കരൾ ഗുരുതരാവസ്ഥയിലാകുമ്പോഴായിരിക്കും ഹെപ്പറ്റൈറ്റിസ് ആണെന്ന് തിരിച്ചറിയുക.
മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍
കണ്ണുകളിൽ വെളുത്ത ഭാഗത്ത് മഞ്ഞനിറം കാണപ്പെടുന്നു. ഗുരുതരാവസ്ഥയിൽ നഖങ്ങൾക്കടിയിലും മഞ്ഞനിറം കാണപ്പെടാം. പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. ശരിയായ ചികിത്സ ആദ്യഘട്ടത്തിൽ തന്നെ ലഭിച്ചില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ 4 മില്ലീഗ്രാം മുതൽ 8 മില്ലീഗ്രാമോ അതിൽ കൂടുതലോ ഉണ്ടാകുന്നതിന് ഇടവരുത്തുന്നു. ഇങ്ങനെ രക്തത്തിൽ ബിലിറുബിന്റെ അളവ് കൂടുമ്പോൾ അത് മൂത്രത്തിലൂടെ പുറത്തുപോകാൻ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുന്നു.
പ്രതിരോധ മാർഗ്ഗങ്ങൾ
മഞ്ഞപ്പിത്തം വരാതെ നോക്കുക എന്നതാണ് സർവ്വപ്രധാനമായ പ്രതിരോധ മാർഗം. വ്യക്തി ശുചിത്വം ഇതിനായി പാലിക്കേണ്ടതാണ്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക.
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക.
ചൂടുള്ള ഭക്ഷണം മാത്രം ഭക്ഷിക്കുക.
തണുത്ത ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുക.
കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.
സെപ്ടിക് ടാങ്കും കിണറും തമ്മിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തു.