
മനുഷ്യബന്ധങ്ങളിലൊക്കെയും ഏറ്റവും സ്വച്ഛവും യഥാര്‍ത്ഥവുമായ ബന്ധമാണ് സൗഹൃദം. ജാതി, മതം, വര്‍ണ്ണം, ഭാഷ, വയസ്സ്, സാമൂഹിക പദവികള്‍ ഇവയെല്ലാം മറികടന്ന് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ആത്മബന്ധമാണ് സൗഹൃദം. നിബന്ധനകളില്ലാതെ സമ്മാനിക്കുന്ന സ്‌നേഹത്തിന്റെ പേരാണ് സൗഹൃദം. അതുകൊണ്ടുതന്നെ, നമ്മുടെ മനസ്സിനൊപ്പം നടക്കാനായി, പ്രതിസന്ധികളില്‍ കൈപിടിക്കാനായി, നേര്‍ക്കാഴ്ചകള്‍ പങ്കുവെക്കാനായി, ഒറ്റപ്പെടലുകളില്‍ ചേർത്ത് നിർത്താനായി നല്ലൊരു ചങ്ങാതിയെ ആവശ്യമാണ്. നല്ല സൗഹൃദങ്ങളാണ് പലരുടെയും ജീവിത സമ്പാദ്യം. നമ്മുടെ സൗഹൃദങ്ങൾ ആഘോഷിക്കാനായി ഒരു പ്രതേക ദിനത്തിന്റെ ആവശ്യമില്ല. നല്ല സൗഹൃദങ്ങൾ എന്നും ആഘോഷമാണ്.
ഇന്ന് ഓഗസ്റ്റ് 3, ലോകം സൗഹൃദ ദിനം (Friendship Day). നല്ല സൗഹൃദങ്ങളുടെ ആഘോഷമാണ് സൗഹൃദ ദിനം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നു.
1950 കളിൽ, പരാഗ്വേയിലെ ഹാള്‍മാര്‍ക്ക് കാര്‍ഡുകളുടെ ഉടമയായ ജോയ്‌സ് ഹാള്‍ ആണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയം ആദ്യമായി മുന്നോട്ട് വയ്ക്കുന്നത്. ഓഗസ്റ്റ് രണ്ട് ആണ് ഈ ദിനം ആചരിക്കാൻ ജോയ്‌സ് തിരഞ്ഞെടുത്തത്. ഈ ദിനത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് തങ്ങളുടെ സുഹൃദ്ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. എന്നാൽ ഗ്രീറ്റിംഗ് കാര്‍ഡുകൾ വാണിജ്യവല്‍ക്കരിക്കാനും വില്‍പ്പന വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു തന്ത്രമാണിതെന്ന് കരുതി ആളുകള്‍ക്ക് താമസിയാതെ അതില്‍ നിന്ന് താല്‍പ്പര്യം നഷ്ടപ്പെട്ടു തുടങ്ങി.
സമാധാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര സിവിൽ സൊസൈറ്റി സംഘടനയായ വേൾഡ് ഫ്രണ്ട്ഷിപ്പ് ക്രൂസേഡ് 1958 ജൂലൈ 30 ന് അന്താരാഷ്ട്ര സൗഹൃദ ദിനം ആഘോഷിക്കാം എന്ന ശുപാർശ ചെയുന്നു. 1998 ൽ, അന്നത്തെ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ ഭാര്യ നാന അന്നൻ, കാർട്ടൂൺ കഥാപാത്രമായ 'വിന്നി ദി പൂഹ്' നെ സൗഹൃദത്തിന്റെ ലോക അംബാസഡറായി പ്രഖ്യാപിക്കുന്നു. 2011 ഏപ്രിൽ 27 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് ഈ ദിനം ആചരിക്കാൻ യുഎൻ ആവശ്യപ്പെട്ടു.
നമ്മുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ, നമ്മള്‍ വീണുപോകുമ്പോൾ നമ്മെ താങ്ങിപ്പിടിക്കാനും, കരയാനായി ചാരാവുന്ന ഒരു തോളായി മാറാനും, നമ്മൾക്ക് വേണ്ടി പോരാടാനും, നമ്മോടൊപ്പം നിലകൊള്ളാനും, അതിലും പ്രധാനമായി ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കപ്പെടുന്ന നിമിഷങ്ങള്‍ സൃഷ്ടിക്കാനുമായി സുഹൃത്തുക്കളെ നമ്മുക്ക് ആവശ്യമുണ്ട്. നമ്മുടെ ചെറിയ ജീവിതത്തില്‍, സുഹൃത്തുക്കള്‍ പകരം വൈകാനാകാത്ത ഭാഗം തന്നെയാണ്. ഒരു ചോറ്റുപാത്രത്തിൽ ഒരുപാടു കൈകൾ, തോളത്ത് കൈയിട്ടുള്ള നടപ്പും, മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന സംഭാഷങ്ങളും. ജീവിതത്തിന്റെ സുവർണ്ണ ഏടുകൾ തന്നെയാണ്. നമ്മുക്ക് എല്ലാവർക്കും പറയാൻ കാണും ആ സുഹൃത്തിനെ കുറിച്ച് അല്ലെങ്കിൽ സുഹൃത്തുക്കളെ കുറിച്ച്. ലോകം സൗഹൃദ ദിനം ഈ സൗഹൃദങ്ങളെ ഓർത്തെടുക്കാൻ വേണ്ടിയല്ല, മറിച്ച് അവരെ ചേർത്തുപിടിക്കാൻ വേണ്ടിയുള്ള ദിനമാണ്.